എഡ്ജ്ബാസ്റ്റണിലെ 336 റൺസ് തോൽവി ഇംഗ്ലണ്ടിനെ തെല്ലാെന്നുമല്ല വലച്ചത്, ബാസ് ബോളിന് കിട്ടിയ വലിയൊരു അടിയായിരുന്നു അത്. എങ്കിലും മക്കല്ലത്തിന്റെ ഇംഗ്ലണ്ട് ശൈലി മാറ്റില്ലെന്ന് ഉറപ്പ്. ഇത് ഉറപ്പിക്കുന്നതായിരുന്നു മൂന്നാം ടെസ്റ്റിനുള്ള സ്ക്വാഡിന്റെ പ്രഖ്യാപനം.
ലോർഡ്സിൽ നാളെ തുടങ്ങുന്ന ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോൾ ഇംഗ്ലണ്ട് വരുത്തിയത് ഒരേയൊരു മാറ്റമാണ്. നാലുവർഷത്തിന് ശേഷം ജോഫ്ര ആർച്ചർ ടീമിലേക്ക് മടങ്ങിയെത്തി. ജോഷ് ടങ്കിനെ പുറത്തിരുത്തിയാണ് ആർച്ചറെ ഇംഗ്ലണ്ട് ഉൾപ്പെടുത്തിയത്. 2021 ഫെബ്രുവരിക്ക് ശേഷം ആർച്ചർ വെള്ളക്കുപ്പായം അണിഞ്ഞിട്ടില്ല. കുടുംബപരമായ ആവശ്യങ്ങളെ തുടർന്നാണ് താരത്തിന് എഡ്ജ്ബാസ്റ്റണിലെ രണ്ടാം ടെസ്റ്റിൽ നിന്ന് പിന്മാറേണ്ടി വന്നത്.
2021 ഫെബ്രുവരിയിൽ കൈമുട്ടിനുണ്ടായ പരിക്കിനെ തുടർന്നാണ് താരത്തിന് ആ വർഷം പുറത്തിരിക്കേണ്ടി വന്നത്. ശസ്ത്രക്രിയയ്‌ക്കും വിധേയനാകേണ്ടിവന്നിരുന്നു. തൊട്ടടുത്ത വർഷം നട്ടെല്ലിനുണ്ടായ പൊട്ടലിനെ തുടർന്ന് വീണ്ടും ഒരുവർഷം ആർച്ചർക്ക് നഷ്ടമായി. ലോർഡ്സിൽ ആർച്ചറുടെ മടങ്ങിവരവ് ഇന്ത്യക്ക് വെല്ലുവിളിയാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഇന്ത്യൻ നിരയിൽ ജസ്പ്രീത് ബുമ്ര മടങ്ങിയെത്തുന്നതും ഇംഗ്ലണ്ടിനെ സംബന്ധിച്ച് ശുഭകരമല്ലാത്ത വാർത്തയാണ്.
അതേസമയം ഏറ്റവും ഒടുവിൽ ഇംഗ്ലണ്ടും ഇന്ത്യയും ലോർഡ്സിൽ മുഖാമുഖമെത്തിയപ്പോൾ പോരാട്ടം തീപാറിയിരുന്നു. കെ.എൽ രാഹുലിന്റെ സെഞ്ച്വറി പ്രകടനവും മുഹമ്മദ് സിറാജിന്റെ കൃത്യതയും ഇന്ത്യക്ക് സമ്മാനിച്ചത് 151 റൺസിന്റെ ത്രസിപ്പിക്കുന്ന വിജയമായിരുന്നു. അന്ന് ടീമിലുണ്ടായിരുന്ന മിക്കവരും ഇല്ലാതെയാണ് ഇന്ത്യ ഇത്തവണയിറങ്ങുന്നതെന്ന മറ്റൊരു കൗതുകവുമുണ്ട്.