തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കേരളത്തിലെത്തും. ബിജെപി സംസ്ഥാന ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനത്തിനാണ് അമിത് ഷാ എത്തുന്നത്. ഇന്ന് രാത്രി 10 മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന അമിത് ഷായെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ സ്വീകരിക്കും. അമിത് ഷായെ സ്വീകരിക്കുന്നതിനായി വിപുലമായ ഒരുക്കങ്ങളാണ് ബിജെപി സജ്ജീകരിച്ചിരിക്കുന്നത്.
തിരുവനന്തപുരത്ത് രണ്ട് പരിപാടികളിലാണ് അമിത് ഷാ പങ്കെടുക്കുന്നത്. നാളെ രാവിലെ 11 മണിക്കാണ് ഉദ്ഘാടനം നടക്കുന്നത്. മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ ജി മാരാരുടെ വെങ്കല പ്രതിമയും ആഭ്യന്തരമന്ത്രി അനാഛാദനം ചെയ്യും. തുടർന്ന് പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന വാർഡുതല നേതൃസംഗമവും അമിത് ഷാ ഉദ്ഘാടനം ചെയ്യും. 5000-ത്തിലധികം വാർഡുതല പ്രതിനിധികൾ സംഗമത്തിൽ പങ്കെടുക്കുമെന്നാണ് വിവരം.
വൈകിട്ട് നാല് മണിയോടെ തിരുവനന്തപുരത്ത് നിന്ന് മടങ്ങും. കണ്ണൂരിലെ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലും ദർശനം നടത്തും. രാത്രിയോടെ ഡൽഹിയിലേക്ക് തിരിക്കും.















