ലോർഡ്സ് ടെസ്റ്റിൽ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് തകർച്ച. 251/4 എന്ന നിലയിൽ രണ്ടാം ദിനം ആരംഭിച്ച ഇംഗ്ലണ്ടിന് മൂന്ന് വിക്കറ്റുകൾ കൂടി നഷ്ടമായി. സെഞ്ച്വറി തികച്ച ജോ റൂട്ടിനെയും ക്യാപ്റ്റൻ സ്റ്റോക്സിനെയും ക്രിസ് വോക്സിനെയും ബുമ്ര കൂടാരം കയറ്റി. 44 റൺസെടുത്ത സ്റ്റോക്സിന്റെ കുറ്റിയാണ് ബുമ്ര ആദ്യം തെറിപ്പിച്ചത്.
പിന്നാലെ ഇന്ന് അഞ്ചു റൺസുകൂടി കൂട്ടിച്ചേർത്ത റൂട്ടിന്റെയും(104) മിഡിൽ സ്റ്റമ്പ് തെറിപ്പിക്കുകയായിരുന്നു. തൊട്ടടുത്ത പന്തിൽ വോക്സിനെ ജുറേലിന്റെ കൈയിലെത്തിച്ച് ഇന്ത്യക്ക് വ്യക്തമായ മേൽക്കൈ നൽകാനും ലോക ഒന്നാം നമ്പർ ബൗളറിനായി. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
ഇന്നലെ ഇംഗ്ലണ്ടിന്റെ ആദ്യ രണ്ടു വിക്കറ്റുകൾ വീഴ്‌ത്തിയത് നിതീഷ് കുമാർ റെഡ്ഡിയായിരുന്നു. രവീന്ദ്ര ജഡേജയ്‌ക്ക് ഒരു വിക്കറ്റ് ലഭിച്ചു. 292/7 എന്ന നിലയിലാണ് ഇംഗ്ലണ്ട്. 20 റൺസുമായി ജാമി സ്മിത്തും 9 റൺസുമായി ബ്രൈഡൻ കാഴ്സുമാണ് ക്രീസിൽ.( ഈ വാർത്ത നൽകും വരെ).