എറണാകുളം: മയക്കുമരുന്ന് ക്യാപ്സ്യൂൾ രൂപത്തിലാക്കി വഴുങ്ങി കടത്താൻ ശ്രമിച്ച ദമ്പതികൾ അറസ്റ്റിൽ. ബ്രസീൽ പൗരത്വമുള്ള ദമ്പതികളാണ് പിടിയിലായത്. കൊച്ചി നെടുമ്പാശേരി വിമാനത്താലവളത്തിൽ നിന്നാണ് അറസ്റ്റിലായത്.
രഹസ്യവിവരത്തെ തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്. ദമ്പതികളെ വിശദമായി പരിശോധിച്ചിരുന്നു. ഇവരുടെ ബാഗും മറ്റ് സാധനങ്ങളും പരിശോധിച്ചെങ്കിലും സംശയാസ്പദമായി യാതൊന്നു കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർന്ന് സംശയം തോന്നി സ്കാനിംഗിന് വിധേയമാക്കിയപ്പോഴാണ് കാപ്സ്യൂൾ കണ്ടെത്തിയത്. അമ്പതോളം ക്യാപ്സ്യൂളുകളാണ് വയറ്റിനുള്ളിൽ നിന്നും കണ്ടെത്തിയത്.
കസ്റ്റഡിയിലെടുത്ത പ്രതികളെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിശോധനകളും ചികിത്സകളും ആരംഭിച്ചിട്ടുണ്ട്. കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകാൻ ദമ്പതികൾ പദ്ധതിയിട്ടിരുന്നതായാണ് വിവരം. തിരുവനന്തപുരത്ത് ഹോട്ടൽ മുറി ബുക്ക് ചെയ്തതിന്റെ വിവരങ്ങളും കണ്ടെത്തിയിട്ടുണ്ട്. ദമ്പതികളുടെ ഫോൺ പരിശോധിച്ചുവരികയാണ്.