വാഷിംഗ്ടണ്‍: അടുത്ത സുഹൃത്തുക്കളായ മെക്‌സിക്കോയ്‌ക്കും യൂറോപ്യന്‍ യൂണിയനും മേല്‍ ഉയര്‍ന്ന താരിഫ് പ്രഖ്യാപിച്ച് താരിഫ് യുദ്ധവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ട്. മെക്‌സിക്കോയില്‍ നിന്നും യൂറോപ്യന്‍ യൂണിയനില്‍ നിന്നുമുള്ള ഇറക്കുമതിക്ക് ഓഗസ്റ്റ് 1 മുതല്‍ 30 ശതമാനം താരിഫ് ഈടാക്കും. തന്റെ സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് താരിഫ് പ്രഖ്യാപനം നടത്തിയത്.
അമേരിക്കയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളാണ് മെക്‌സിക്കോയും യൂറോപ്യന്‍ യൂണിയനും. എതാനും ആഴ്ചകളായി തുടരുന്ന വ്യാപാര കരാര്‍ ചര്‍ച്ചകള്‍ ഫലപ്രദമാകാത്തതിനെ തുടര്‍ന്നാണ് ട്രംപ് ഉയര്‍ന്ന താരിഫ് പ്രഖ്യാപിച്ചത്. ഇതുവരെ 24 രാജ്യങ്ങള്‍ക്കും യൂറോപ്യന്‍ യൂണിയനും (27 രാജ്യങ്ങള്‍) ട്രംപിന്റെ താരിഫ് കത്തുകള്‍ ലഭിച്ചുകഴിഞ്ഞു.
ജപ്പാന്‍, ദക്ഷിണ കൊറിയ, കാനഡ, ബ്രസീല്‍, ഇന്തോനേഷ്യ, ബംഗ്ലാദേശ്, തായ്‌ലന്‍ഡ്, ദക്ഷിണാഫ്രിക്ക, മലേഷ്യ എന്നിവയുള്‍പ്പെടെ രാജ്യങ്ങള്‍ക്ക് മേല്‍ 25 മുതല്‍ 40 ശതമാനം വരെ നികുതി ഏര്‍പ്പെടുത്തിക്കൊണ്ടാണ് താരിഫ് പ്രഖ്യാപനങ്ങള്‍ക്ക് ട്രംപ് തുടക്കമിട്ടിരുന്നത്. അള്‍ജീരിയ, ബ്രൂണെ, ഇറാഖ്, ലിബിയ, മോള്‍ഡോവ, ഫിലിപ്പീന്‍സ്, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ക്ക് മേല്‍ 25-30 ശതമാനം വരെ തീരുവ കഴിഞ്ഞ ദിവസം ചുമത്തി.
ഇന്ത്യന്‍ സംഘം യുഎസിലേക്ക്
ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകളും വഴിമുട്ടി നില്‍ക്കുകയാണെങ്കിലും താരിഫ് പ്രഖ്യാപനമടക്കം കടുത്ത നടപടികളിലേക്ക് ട്രംപ് കടന്നിട്ടില്ല. കൂടുതല്‍ ചര്‍ച്ചകള്‍ക്കായി സമയം നല്‍കിയിട്ടുണ്ട്. കാര്‍ഷിക, ക്ഷീരോല്‍പ്പാദന മേഖലകളില്‍ ഒരു വിട്ടുവീഴ്ചക്കും തയാറല്ലെന്ന് ഇന്ത്യ യുഎസിനെ അറിയിച്ചിട്ടുണ്ട്. വാഹന ഘടകങ്ങള്‍, സ്റ്റീല്‍, കാര്‍ഷിക മേഖല എന്നിവയിലാണ് വലിയ അഭിപ്രായ വ്യത്യാസമുള്ളത്. ഇത് പരിഹരിക്കാന്‍ തുടര്‍ ചര്‍ച്ചകള്‍ക്കായി ഇന്ത്യന്‍ പ്രതിനിധി സംഘം അടുത്തുതന്നെ യുഎസ് സന്ദര്‍ശിക്കും.















