ന്യൂഡൽഹി: യുപിയിലെ ബറേലിയിലേക്ക് പോയ മലയാളി സൈനികനെ കാണാതായതായി പരാതി. തൃശൂർ ഗുരുവായൂർ സ്വദേശി ഫർസീൻ ഗഫൂറിനെയാണ് കാണാതായത്. ഫർസീന്റെ കുടുംബം കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് പരാതി നൽകി.
പൂനെയിൽ നിന്ന് ബറേലിയിലേക്ക് പരിശീലനത്തിന് പോകുന്നതിനിടെയാണ് ജവാനെ കാണാതായത്. പൂനെയിലെ ആർമി മെഡിക്കൽ കോളേജിലാണ് ഫർസീൻ ജോലി ചെയ്തിരുന്നത്. ഈമാസം ഒൻപതിനാണ് ബറേലിയിലേക്ക് പോകാൻ ബാന്ദ്രയിൽ നിന്ന് റാംനഗർ എക്സ്പ്രസ് ട്രെയിനിൽ കയറിയത്. പിറ്റേദിവസംവരെ ഇയാൾ കുടുബവുമായി ഫോണിൽ സംസാരിച്ചിരുന്നു,
എന്നാൽ 10–ാം തീയതിക്ക് ശേഷം ഫർസീനുമായി ഫോണിൽ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് ആയില്ല. മലയാളി ജവാനെ കണ്ടെത്താൻ കുടുംബം സഹായമഭ്യർഥിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് പരാതി നൽകി. ഒപ്പം യുപി പോലീസിലും പരാതി നൽകാൻ ബന്ധുക്കൾ ബറേലിയിലേക്ക് പുറപ്പെട്ടു.