ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആർഎസ്എസിനെതിരെയും അധിക്ഷേപ പോസ്റ്റുകൾ പങ്കുവച്ച കാർട്ടൂണിസ്റ്റിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. കാർട്ടൂണിസ്റ്റ് ഹേമന്ത് മാളവ്യയെയാണ് കോടതി ശകാരിച്ചത്. വിമർശനം എന്നപേരിൽ എന്തും വിളിച്ചുപറയാനും ആളുകളെ അപകീർത്തിപ്പെടുത്താനുമുള്ളതല്ല അഭിപ്രായ സ്വാതന്ത്ര്യമെന്ന് കോടതി പറഞ്ഞു.
ഹേമന്ത് മാളവ്യ തുടർന്നും അപകീർത്തികരമായ പോസ്റ്റുകൾ പങ്കുവെച്ചാൽ മധ്യപ്രദേശ് സർക്കാരിന് അദ്ദേഹത്തിനെതിരെ നടപടിയെടുക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് ജസ്റ്റിസുമാരായ സുധാൻഷു ധൂലിയ, അരവിന്ദ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
ഹിന്ദിയിൽ സംസാരിച്ച ജസ്റ്റിസ് സുധാൻഷു ധൂലിയ, പോസ്റ്റുകൾ പങ്കുവച്ച ഹേമന്ത് മാളവ്യയെ ശാസിച്ചു; “എല്ലാത്തിനും ഒരു പരിധിയുണ്ട്. ആളുകൾ ഇക്കാലത്ത് ഉപയോഗിക്കുന്ന വാക്കുകളെക്കുറിച്ച് പോലും ചിന്തിക്കാതെ ആരെക്കുറിച്ചും എന്തും എഴുതുകയും വിളിച്ച് പറയുകയുമാണ്,” അദ്ദേഹം പറഞ്ഞു.
ആഗസ്റ്റ് 15 ന് ശേഷമുള്ള അടുത്ത വാദം കേൾക്കലിൽ അധിക്ഷേപകരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ച് ഉത്തരവുകൾ പുറപ്പെടുവിക്കുമെന്നും കോടതി സൂചന നൽകി.പ്രധാനമന്ത്രി മോദിയെയും ആർഎസ്‌എസ് വളണ്ടിയർമാരെയും ലക്ഷ്യമിട്ടുള്ള അപകീർത്തികരമായ കാർട്ടൂണുകളുടെ പേരിലാണ് ഹേമന്ത് മാളവ്യയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ജൂലൈ 3 ന് മധ്യപ്രദേശ് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് കാർട്ടൂണിസ്റ്റ് സുപ്രീം കോടതിയെ സമീപിച്ചത്.















