റാഞ്ചി: മോഷണശ്രമത്തിന് ശേഷം ക്ഷേത്രത്തിനുള്ളിൽ ഉറങ്ങിക്കിടന്ന മോഷ്ടാവ് പിടിയിൽ. ഝാർഖണ്ഡിലെ ഒരു ദേവീ ക്ഷേത്രത്തിലാണ് സംഭവം. വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിക്കാനാണ് ഇയാൾ ക്ഷേത്രത്തിനുള്ളിൽ അതിക്രമിച്ച് കടന്നത്. രാവിലെ ക്ഷേത്രം തുറന്ന പൂജാരിയാണ് ക്ഷേത്രത്തിനുള്ളിൽ ഉറങ്ങിക്കിടന്ന മോഷ്ടാവിനെ കണ്ടത്.
വിഗ്രഹത്തിന്റെ സമീപത്തായാണ് മോഷ്ടാവ് ഉറങ്ങിക്കിടന്നത്. കൂടാതെ ചുറ്റും മോഷ്ടിച്ച സാധനങ്ങളുമുണ്ടായിരുന്നു. ഇത് കണ്ടതോടെ പൂജാരി നാട്ടുകാരെ വിളിച്ചുകൂട്ടി. പിന്നീട് നാട്ടുകാർ വിവരമറിയിച്ചതോടെ പൊലീസ് എത്തി മോഷ്ടാവിനെ പിടികൂടി.
ക്ഷേത്രത്തിന്റെ പിൻവാതിലിലെ പൂട്ട് തകർത്താണ് ഇയാൾ അകത്തേക്ക് കയറിയത്. ശ്രീകോവിലിൽ നിന്ന് സ്വർണം, വെള്ളി ആഭരണങ്ങൾ, ദേവിയുടെ കിരീടം എന്നിവ ഉൾപ്പെടെ മോഷ്ടിച്ച വസ്തുക്കൾ കൈക്കലാക്കിയ ശേഷമാണ് പ്രതി നായക് വരാന്തയിൽ കിടന്നുറങ്ങിയത്.
ചോദ്യം ചെയ്യലിൽ മോഷണശ്രമം യുവാവ് സമ്മതിച്ചു. ‘എപ്പോഴാണ് താൻ ഉറങ്ങിപ്പോയതെന്ന് അറിയില്ല’ – എന്നായിരുന്നു യുവാവ് പൊലീസിനോട് പറഞ്ഞത്.