ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ എല്ലാ സർക്കാർ സ്കൂളുകളിലെയും വിദ്യാർത്ഥികൾക്ക് ഭഗവദ്ഗീത ശ്ലോകങ്ങൾ ചൊല്ലികൊടുക്കണമെന്ന് നിർദേശം. കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ഉത്തരവിലാണ് ഭഗവദ്ഗീത പാരായണം ചെയ്യുന്നത് നിർബന്ധമാക്കിക്കൊണ്ട് ഉത്തരവിറങ്ങിയത്. വിദ്യാഭ്യാസത്തോടൊപ്പം ഇന്ത്യൻ സംസ്കാരത്തെ കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുക എന്നതാണ് സർക്കാർ പദ്ധതിയുടെ പ്രഥമ ലക്ഷ്യം. ഹയർസെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടർ ഡോ. മുകുൾ കുമാർ സതിയാണ് ഉത്തരവിറക്കിയത്.
രാവിലെ നടക്കുന്ന സ്കൂൾ അസംബ്ലികളിലായിരിക്കും ഭഗവദ്ഗീത പാരായാണം ചെയ്യുക. വിദ്യാർത്ഥികൾക്കിടയിൽ അച്ചടക്കം, ബഹുമാനം എന്നിവ കൊണ്ടുവരുന്നതിന് വേണ്ടിയാണ് ഇത്തരമൊരു സർക്കാർ പദ്ധതി. ഉത്തരവ് പ്രകാരം സ്കൂളുകളിൽ ദിവസവും ഗീതാശ്ലോകങ്ങൾ ചൊല്ലുക മാത്രമല്ല, വാക്യങ്ങളുടെ അർത്ഥവും പ്രസക്തിയും വിദ്യാർത്ഥികൾക്ക് വിശദീകരിച്ചുനൽകും.
ശ്ലോകങ്ങൾ തെരഞ്ഞെടുക്കേണ്ടത് അദ്ധ്യാപകരാണ്. ഗീതാശ്ലോകങ്ങളുടെ മഹത്വം പഠിപ്പിക്കുകയും അതിന്റെ വിവിധ വശങ്ങളെ കുറിച്ച് പഠിപ്പിക്കുകയും ചെയ്യുന്നു. ഇതോടൊപ്പം ആഴ്ചാവസാനം അസംബ്ലിയിൽ ചൊല്ലുന്ന ശ്ലോകങ്ങളെ കുറിച്ചും ക്ലാസ്മുറിയിൽ ചർച്ച ചെയ്യും.
ഗീതാപഠനത്തെ മതേതര സ്വഭാവത്തിൽ കാണണമെന്നും ഉത്തരവിൽ പറയുന്നു. പാഠപുസ്തകത്തിൽ മാത്രം ഒതുങ്ങാതെ വിദ്യാർത്ഥികളുടെ വ്യക്തിമൂല്യം, യുക്തി, പെരുമാറ്റം, ചിന്ത എന്നിവ വർദ്ധിപ്പിക്കാൻ ഭഗവദ്ഗീത സഹായിക്കുമെന്നും ഉത്തരവ് വ്യക്തമാക്കുന്നു. ഭഗവദ്ഗീത കാലാതീതമായ അറിവിന്റെ ഉറവിടമാണ്. ഇത് കുട്ടികൾ മനസിലാക്കുകയും അതിൽ നിന്നും പ്രചോദനം നേടുകയും ചെയ്യുമെന്നും ഉത്തരവിൽ പറയുന്നു.















