കൊല്ലം: തേലവക്കരയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി സ്കൂളിൽ നിന്നും ഷോക്കേറ്റ മരിച്ച സംഭവത്തിൽ അനാസ്ഥ മറച്ചുവെക്കാൻ അധികൃതരുടെ ശ്രമം. കുട്ടി ലൈനിൽ പിടിച്ചതിന് കെഎസ്ഇബിക്ക് എന്താണ് ചെയ്യാൻ കഴിയുക എന്നായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപന്റെ പ്രതികരണം. മരിച്ച കുട്ടിയെ കുറ്റപ്പെടുത്തി കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
സ്കൂളിന്റെ അനാസ്ഥ ഇക്കാര്യത്തിലുണ്ടായിട്ടില്ല. കുട്ടികളുടെ ചെരുപ്പ് എടുത്തെറിഞ്ഞതാണ്. ഇത് വൈദ്യുതി ലൈനിൽ പോയി കുടുങ്ങി. വൈദ്യുതി ലൈൻ എത്തിപ്പിടിച്ചു. കോൺസിക്വൻസ് മനസ്സിലാക്കാതെ ചെരുപ്പ് എടുക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമായത്. സ്കൂളുമായി ബന്ധപ്പെട്ട ലൈനില്ല കുട്ടി കയറി പിടിച്ചത്. സ്കൂളിന്റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായിട്ടില്ലെന്നും ഗോപൻ പറഞ്ഞു.
കെഎസ്ഇബിയുടെ ഭാഗത്ത് നിന്നും അനാസ്ഥയില്ല. കുട്ടി ലൈനിൽ പിടിച്ചതിന് കെഎസ്ഇബിക്ക് എന്താണ് ചെയ്യാൻ കഴിയുക. എത്രയോ വർഷമായി ഈ ലൈൻ ഇതിലൂടെയാണ് കടന്നു പോകുന്നത്. ബോധപൂർവ്വം കയറി പിടിക്കാൻ ശ്രമിച്ചാൽ പിടിക്കാമെന്നും ഗോപൻ പറഞ്ഞു.
ഇന്ന് രാവിലെയാണ് തേലവക്കരയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ സ്കൂളിൽ നിന്നും ഷോക്കേറ്റ് മരിച്ചത്. സ്കൂൾ കെട്ടിടത്തിനു മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്നുമാണ് കുട്ടിക്ക് ഷോക്കേറ്റത്. ഉയർന്ന വോൾട്ടേജുള്ള വൈദ്യുതി ലൈനാണ് ക്ലാസ് മുറിയിൽ നിന്നും ഒരു കൈ അകലത്തിൽ കടന്നു പോയത്. ഇതാണ് അപകടകാരണമായത്. അനധികൃതരുടെ കടുത്ത അനാസ്ഥയാണ് കുട്ടിയുടെ ജീവനെടുത്തതെന്ന് ആരോപിച്ച് നാട്ടുകാർ സ്ഥലത്ത് പ്രതിഷേധിക്കുകയാണ്.















