തെറ്റുകൾ ആർക്കും പറ്റാം. പക്ഷേ മെറ്റയ്‌ക്ക് തെറ്റ് പറ്റുമെന്ന് അധികമാരും ചിന്തിക്കാറില്ല. എന്നാൽ കേട്ടോളൂ… മെറ്റയ്‌ക്കും തെറ്റ് പറ്റും. അത്തരമൊരു വാർത്തയാണ് കർണാടകയിൽ നിന്നും വരുന്നത്. അടുത്തിടെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, അന്തരിച്ച നടി ബി സരോജത്തിന്റെ നിര്യാണത്തിൽ അനുശോചനം അർപ്പിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങളടക്കമുള്ള ഒരു കുറിപ്പ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ പങ്കുവച്ചു. കന്നഡയിലാണ് അനുശോചന കുറിപ്പ് എഴുതിയിരുന്നത്. എന്നാൽ മെറ്റ ഇത് വിവർത്തനം ചെയ്തപ്പോൾ ‘സിദ്ധരാമയ്യ അന്തരിച്ചു’ എന്നായി.
“മുഖ്യമന്ത്രി സിദ്ധരാമയ്യ കഴിഞ്ഞ ദിവസം അന്തരിച്ചു. മുതിർന്ന നടി സരോജാദേവിയെ സന്ദർശിക്കുകയും അന്ത്യോപചാരം അർപ്പിക്കുകയും ചെയ്തു” – എന്നാണ് കന്നഡയിൽ നിന്നും ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തപ്പോൾ മെറ്റയ്‌ക്ക് കിട്ടിയത്. ഇതിന്റെ സ്ക്രീൻഷോട്ട് ഉൾപ്പെടെ പങ്കുവച്ച് സിദ്ധരാമയ്യ രംഗത്തുവന്നു.
സർക്കാരിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ട് കൂടി ആയതിനാൽ മുഖ്യമന്ത്രിയും ഓഫീസും സോഷ്യൽമീഡിയയിൽ ഒരു പരിഹാസ കഥാപാത്രമായി മാറി. തുടർന്നാണ് സിദ്ധരാമയ്യ തന്നെ പ്രതിഷേധവുമായി എത്തിയത്. കന്നഡ ഓട്ടോ ട്രാൻസ്ലേഷൻ താത്ക്കാലികമായി നിർത്തണമെന്നാണ് മുഖ്യമന്ത്രിയുടെ ആവശ്യം. സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകൾ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണമെന്നും കന്നഡ ഓട്ടോ ട്രാൻസ്ലേഷൻ കൃത്യമാകുന്നത് വരെ താത്ക്കാലികമായി നിർത്തിവയ്‌ക്കണമെന്നും ആവശ്യപ്പെട്ടു.
കന്നഡയിൽ നിന്നും ഇംഗ്ലീഷിലേക്കുള്ള വിവർത്തനം പലപ്പോഴും തെറ്റായ അർത്ഥമാണ് നൽകുന്നത്. ഇത് പരിഹരിക്കുന്നതിനായി കന്നഡ ഭാഷാ വിധഗ്ദരുമായി ചേർന്ന് പ്രവർത്തിക്കണമെന്നും കാണിച്ച് മെറ്റയ്‌ക്ക് കത്തയച്ചിട്ടുണ്ട്.















