ന്യൂഡൽഹി: ബെംഗളൂരു അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ 40 കോടിയുടെ മയക്കുമരുന്ന് കടത്താൻ ശ്രമിച്ചയാൾ പിടിയിൽ. 4 കിലോയിലധികം കൊക്കെയ്നാണ് ഡിആർഐ ഉദ്യോഗസ്ഥർ കണ്ടെടുത്തത്. കഴിഞ്ഞ ദിവസം ദോഹയിൽ നിന്ന് എത്തിയ യാത്രക്കാരന്റെ കൈവശമാണ് കൊക്കൈൻ ഉണ്ടായിരുന്നത്.
യാത്രക്കാരന്റെ ബാഗിലുണ്ടായിരുന്ന രണ്ട് സൂപ്പർഹീറോ കോമിക് പുസ്തകങ്ങളാണ് സംശയം ജനിപ്പിച്ചത്. ഇവയ്‌ക്ക് അസാധാരണമാംവിധം ഭാരമുണ്ടായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ മാസികകളുടെ കവറിൽ ഒളിപ്പിച്ച നിലയിൽ വെളുത്ത പൊടി ഉദ്യോഗസ്ഥർ കണ്ടെടുത്തു. പൊടിയിൽ കൊക്കെയ്ൻ ഉണ്ടെന്ന് പരിശോധനയിൽ തെളിഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്തശേഷം തുടർനടപടികളുടെ ഭാഗമായി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.















