ന്യൂഡൽഹി: ഭർത്താവിനെ കൊലപ്പെടുത്തി വൈദ്യുതാഘാതമേറ്റുണ്ടായ അപകടമരണമെന്ന് വരുത്തിത്തീർത്ത ഭാര്യയും ഭർതൃ സഹോദരനും അറസ്റ്റിൽ. ജൂലൈ 13 നാണ് ദ്വാരകയിൽ വീട്ടിൽ വച്ച് 36 കാരനായ കരൺ ദേവ് ദുരൂഹ സാഹചര്യത്തിൽ മരിക്കുന്നത്. യുവാവിനെ ആശുപത്രിയിലെത്തിച്ച ഭാര്യ സുസ്മിത ഭർത്താവിന് അബദ്ധത്തിൽ വൈദ്യുതാഘാതമേറ്റുവെന്നാണ് ഡോക്ടർമാരോട് പറഞ്ഞിരുന്നത്.
കരണിനെ ആശുപത്രിയിൽ എത്തിച്ച ഭാര്യയും ബന്ധു രാഹുലും മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്താൻ വിട്ടുനൽകാതിരുന്നതാണ് സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവന്നത്. അപകടമരണമാണെന്ന് വിശ്വസിച്ച് കുടുംബവും പോസ്റ്റുമാർട്ടം നടത്താൻ വിസമ്മതിച്ചതോടെ പോലീസ് ഈ നടപടിക്രമങ്ങൾക്കായി കരണിന്റെ മൃതദേഹം മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഇതിനിടെ സംഭവം നടന്ന് മൂന്ന് ദിവസത്തിന് ശേഷം കരണിനെ ഭാര്യയും അവരുടെ ബന്ധുവും ചേർന്ന് കൊലപ്പെടുത്തിയതായി സംശയിക്കുന്നുവെന്ന് പോലീസിനോട് പറഞ്ഞു. അതിൽ അവർ കൊലപാതക പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യുന്ന സുസ്മിതയും രാഹുലും തമ്മിൽ നടന്ന ഇൻസ്റ്റഗ്രാം ചാറ്റിന്റെ തെളിവും അദ്ദേഹം നൽകി.
ഇരയുടെ ഭാര്യയും ബന്ധുവായ രാഹുലും തമ്മിലുള്ള പ്രണയബന്ധമാണ് കൊലപാതകത്തിനുപിന്നിലെന്ന് പോലീസ് സ്ഥിരീകരിച്ചു. അത്താഴത്തിനിടെ കരണിന് 15 ഉറക്കഗുളികകൾ നൽകിയ ശേഷം അയാൾ അബോധാവസ്ഥയിലാകുന്നതുവരെ അവർ കാത്തിരുന്നു. ഉറക്കഗുളികകൾ കഴിച്ചാൽ മരണം സംഭവിക്കാൻ എടുക്കുന്ന സമയം പ്രതികൾ ഗൂഗിളിൽ തിരഞ്ഞതായും സന്ദേശങ്ങളിൽ നിന്ന് വ്യക്തമായി. അപകടമരണം എന്ന് വരുത്തിത്തീർക്കാൻ ഇരുവരും ചേർന്ന് കിരണിനെ വൈദ്യുതാഘാതം ഏൽപ്പിച്ച് കൊല്ലുകയായിരുന്നു.
സുസ്മിതയും കരണും വർഷങ്ങളോളം നീണ്ട പ്രണയത്തിനൊടുവിൽ വിവാഹം കഴിച്ചവരാണ്. ഇരുവർക്കും ആറ് വയസ്സുള്ള ഒരു മകനുണ്ട്. എന്നാൽ ഏകദേശം ഒരു വർഷം മുൻപ് ഇവരുടെ കെട്ടിടത്തിൽ താമസിച്ചിരുന്ന ബന്ധുവായ രാഹുലുമായി സുസ്മിത പ്രണയത്തിലാവുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി.















