കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ ബസുകളുടെ മത്സരയോട്ടത്തിൽ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. മരുതോങ്കര സ്വദേശി അബ്ദുൽ ജവാദാണ് (19) മരിച്ചത്.
ബസുകൾ തമ്മിലുള്ള മത്സരയോട്ടത്തിനിടെ യുവാവ് ബൈക്കിൽ നിന്നും താഴേക്ക് വീഴുകയായിരുന്നു. തൊട്ടുപിന്നാലെ കോഴിക്കോട് നിന്നും കുറ്റ്യാടിയിലേക്ക് പോവുകയായിരുന്ന ബസിന്റെ പിൻചക്രം അബ്ദുൽ ജാവേദിന്റെ തലയിലൂടെ കയറിയിറങ്ങി. തൽക്ഷണം തന്നെ മരണം സംഭവിച്ചു.
കോഴിക്കോട്-പേരാമ്പ്ര ഭാഗത്ത് ബസുകളുടെ മത്സരയോട്ടം പതിവാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. സംഭവത്തിന് പിന്നാലെ പ്രതിഷേധവുമായെത്തിയ നാട്ടുകാരും പോലീസും തമ്മിൽ വാക്കേറ്റമുണ്ടായി.















