കൊല്ലം: ഷാർജയിൽ മലയാളി യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കേസെടുത്ത് പോലീസ്. ഭർത്താവ് സതീഷിനെതിരെ കൊലക്കുറ്റമടക്കം ചുമത്തിയാണ് ചവറ പോലീസ് കേസെടുത്തിരിക്കുന്നത്. സ്ത്രീധന നിരോധന നിയമം, ആത്മഹത്യാപ്രേരണ കുറ്റം, തുടങ്ങി വിവിധ വകുപ്പുകളും ഇതിൽ ഉൾപ്പെടുന്നു.
അതുല്യയുടെ അമ്മയുടെയും അച്ഛനറെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് ഭർത്താവ് സതീഷിനെതിരെ കേസെടുത്തിരിക്കുന്നത്. 48 പവൻ സ്വർണം നൽകിയാണ് മകളെ വിവാഹം കഴിപ്പിച്ചയച്ചത്. എന്നാൽ വിവാഹശേഷം കൂടുതൽ സ്വർണം ആവശ്യപ്പെട്ട് സതീഷ് മകളെ ഉപദ്രവിച്ചിരുന്നതായി രക്ഷിതാക്കൾ പറയുന്നു. 75000 രൂപ നൽകി 11 വർഷം മുൻപ് ബൈക്കും വാങ്ങി നൽകിയിരുന്നു. എന്നാൽ പിന്നീട് കാർ വേണമെന്ന് ആവശ്യപ്പെട്ടും സതീഷ് പീഡനം തുടർന്നുവെന്നാണ് മാതാപിതാക്കളുടെ മൊഴി.
അതുല്യയെ ഭർത്താവാ മർദിക്കുന്ന ദൃശ്യങ്ങൾ അടക്കം പുറത്തുവന്നിരുന്നു, ഇതും പോലീസ് തെളിവായി സ്വീകരിച്ചിട്ടുണ്ട്. സതീഷ് വീട്ടിലിരുന്ന് മദ്യപിക്കുന്നതിന്റെയും കത്തികാട്ടി ഭീഷണിപ്പെടുത്തുന്നതിന്റയും കസേര ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് തെളിവായി നൽകിയിരിക്കുന്നത്.















