കോഴിക്കോട്: പേരാമ്പ്രയിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനിടെ ബൈക്ക് യാത്രികനായ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കോഴിക്കോട്-കുറ്റ്യാടി റൂട്ടിലോടുന്ന ബസുകൾ തടഞ്ഞുള്ള നാട്ടുകാരുടെ സമരത്തിൽ സംഘർഷം. ബസ് തടയാനെത്തിയ യുവജന സംഘടനകളും പോലീസും തമ്മിൽ സംഘർഷം.
സംഘർഷത്തിൽ കസ്റ്റഡിയിലെടുത്തവരെ നാട്ടുകാർ ബലംപ്രയോഗിച്ച് മോചിപ്പിക്കാനും ശ്രമമുണ്ടായി. കുറ്റ്യാടി റൂട്ടിലേക്ക് സ്വകാര്യബസുകൾ ഇന്ന് സർവീസ് നടത്തിയാൽ തടയുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകിയിരുന്നു. വിദ്യാർത്ഥി സംഘടനകളും യുവജന സംഘടനകളും സമരം നേരിടാനെത്തിയ പോലീസിന്റെ വാഹനത്തിന് മുന്നിൽ റീത്ത് വച്ച് പ്രതിഷേധിച്ചു.
കഴിഞ്ഞ ദിവസമാണ് ബസുകളുടെ മത്സരയോട്ടത്തിനിട്ട് ബൈക്കിൽ സഞ്ചിരിച്ചിരുന്ന 19 കാരൻ അപകടത്തിൽപെട്ട് മരിച്ചത്. മരുതോങ്കര സ്വദേശി അബ്ദുൽ ജവാദാണ് (19) മരിച്ചത്. ബസുകൾ തമ്മിലുള്ള മത്സരയോട്ടത്തിനിടെ യുവാവ് ബൈക്കിൽ നിന്നും താഴേക്ക് വീഴുകയായിരുന്നു. തൊട്ടുപിന്നാലെ കോഴിക്കോട് നിന്നും കുറ്റ്യാടിയിലേക്ക് പോവുകയായിരുന്ന ബസിന്റെ പിൻചക്രം അബ്ദുൽ ജാവേദിന്റെ തലയിലൂടെ കയറിയിറങ്ങി. തൽക്ഷണം തന്നെ മരണം സംഭവിച്ചു.















