ന്യൂഡൽഹി: ഡിജിറ്റൽ പേയ്മെന്റുകളുടെ കാര്യത്തിൽ ഇന്ത്യ ബഹുദൂരം മുന്നിലാണെന്ന് അന്താരാഷ്ട്ര നാണയനിധിയുടെ പുതിയ റിപ്പോർട്ടുകൾ. യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (UPI) ആണ് ഇതിൽ നിർണായക പങ്കുവഹിച്ചത്.
ഈ ആപ്പ് അധിഷ്ഠിത ഉപകരണം ലോകത്തിലെ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന തത്സമയ പേയ്മെന്റ് സംവിധാനമാണ്, പ്രതിമാസം 18 ബില്യണിലധികം ഇടപാടുകൾ UPI വഴി നടക്കുന്നു. ജൂണിൽ മാത്രം യുപിഐ 24.03 ലക്ഷം കോടി രൂപയുടെ ഇടപാടുകൾ സാധ്യമാക്കി. കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് ഇടപാട് അളവിൽ 32 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്.
നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) 2016-ൽ ആരംഭിച്ച UPI, ഉപയോക്താക്കളെ ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ ഒരു ആപ്പിലേക്ക് ലിങ്ക് ചെയ്യാനും തൽക്ഷണം പണം കൈമാറാനും അനുവദിക്കുന്നു. സുരക്ഷയിലും 24/7 ലഭ്യതയുമാണ് ഇതിന്റെ ആകർഷണം.
ഈ പ്ലാറ്റ്ഫോം ഇപ്പോൾ 491 ദശലക്ഷം ആളുകൾക്കും 65 ദശലക്ഷം വ്യാപാരികൾക്കും സേവനം നൽകുന്നു. 675 ബാങ്കുകളും ഈ സിസ്റ്റവുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇന്ത്യയിലെ എല്ലാ ഡിജിറ്റൽ പേയ്മെന്റുകളുടെയും 85 ശതമാനവും ലോകമെമ്പാടുമുള്ള എല്ലാ തത്സമയ ഡിജിറ്റൽ ഇടപാടുകളുടെയും പകുതിയോളം കൈകാര്യം ചെയ്യുന്നത് യുപിഐ ആണ്.















