തൃശൂർ: പേരമംഗലത്ത് ഏഴുവയസുകാരിയായ മകളെ പീഡിപ്പിച്ച അഭിഭാഷകൻ അറസ്റ്റിൽ. പെൺകുട്ടിയുടെ മൊഴിയുടേയും മെഡിക്കൽ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് പോലീസ് പിതാവിനെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തിരിക്കുന്നത്.
അഭിഭാഷകനും ഭാര്യയും ഏറെക്കാലമായി പിരിഞ്ഞു താമസിക്കുകയാണ്. കുട്ടിക്ക് ഒരു സഹോദരനും കൂടിയുണ്ട്. കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഞായറാഴ്‌ചകളിൽ ഇരുവരും പിതാവിനൊപ്പമാണ് നിൽക്കുന്നത്. ഈ സമയത്താണ് പീഡനമുണ്ടായിരിക്കുന്നത്. തൃശൂർ മെഡിക്കൽ കോളേജിൽ മറ്റൊരു പരിശോധനയ്‌ക്കായി കൊണ്ടുപോയ സമയത്ത് പെൺകുട്ടി തന്നെയാണ് പീഡന വിവരം ഡോക്ടർമാരോട് വെളിപ്പെടുത്തിയത്. ആശുപത്രി അധികൃതർ അറിയിച്ചതിനെത്തുടർന്ന് പോലീസ് തുടർനടപടികൾ സ്വീകരിച്ചു.















