കൊൽക്കത്ത: ബംഗാളിലെ ജൽപൈഗുരിയിൽ ട്രെയിൻ മാർഗം മനുഷ്യക്കടത്തിന് ശ്രമിച്ച രണ്ടുപേർ പിടിയിൽ. തട്ടിപ്പിൽ അകപ്പെട്ട 56 ഓളം യുവതികളെ ട്രെയിനിൽ നിന്ന് രക്ഷപ്പെടുത്തി. പ്രതികൾ പശ്ചിമ ബംഗാളിലെ ജൽപൈഗുരി, കൂച്ച് ബിഹാർ, അലിപുർദുർ ജില്ലകളിൽ നിന്നുള്ള സ്ത്രീകളെ ബെംഗളൂരു ആസ്ഥാനമായുള്ള ഒരു കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് ട്രെയിൻ മാർഗം ബിഹാറിലേക്ക് അയക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
തിങ്കളാഴ്ച വൈകുന്നേരം ന്യൂ ജൽപൈഗുരി -പട്‌ന ക്യാപിറ്റൽ എക്‌സ്പ്രസിൽ നിന്നാണ് 18 നും 31 നും ഇടയിൽ പ്രായമുള്ള 56 സ്ത്രീകളെ രക്ഷപ്പെടുത്തിയത്. രക്ഷപ്പെടുത്തിയ സ്ത്രീകളിൽ ആർക്കും ട്രെയിൻ ടിക്കറ്റുകൾ ഉണ്ടായിരുന്നില്ല. കോച്ച് നമ്പറുകളും ബെർത്ത് നമ്പറുകളും മാത്രമേ അവരുടെ കൈകളിൽ മുദ്രകുത്തിയിട്ടുള്ളൂവെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി.
ട്രെയിനിലെ പതിവ് പരിശോധനയ്‌ക്കിടെ, ഇത്രയധികം യുവതികൾ ഒരുമിച്ച് യാത്ര ചെയ്യുന്നത് കണ്ട് സംശയം തോന്നിയ ആർപിഎഫ് ഉദ്യോഗസ്ഥർ യവരെ ചോദ്യം ചെയ്യുകയായിരുന്നു. ബെംഗളൂരുവിൽ ജോലി വാഗ്ദാനം ചെയ്ത് സ്ത്രീകളെ ബിഹാറിലേക്ക് അയക്കുന്നതിന്റെ കാരണം വ്യക്തമാക്കാതെ പരസ്പരവിരുദ്ധമായ മൊഴികൾ നൽകിയതിനെ തുടർന്ന് ഒരു പുരുഷനെയും സ്ത്രീയെയും സംഭവസ്ഥലത്ത് വെച്ച് തന്നെ അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. പെൺകുട്ടികളെ അവരുടെ കുടുംബങ്ങൾക്ക് കൈമാറി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരിയാണ്.















