ബെംഗളൂരു: കർണാടകയിൽ സ്വന്തം കൃഷിയിടത്തിലെ കീടനാശിനി തളിച്ച പച്ചക്കറി കഴിച്ച ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം. അച്ഛനും രണ്ട് പെൺമക്കളുമാണ് മരിച്ചത്. കുട്ടികളുടെ അമ്മയും മറ്റ് രണ്ട് മക്കളും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
സിരവാർ തിമപ്പൂർ സ്വദേശി രമേശ് നായക് (38) മക്കൾ നാഗമ്മ (8) ദീപ (6) എന്നിവരാണ് മരിച്ചത്. രമേഷിന്റെ ഭാര്യ പത്മ (35), അവരുടെ മറ്റ് മക്കളായ കൃഷ്ണ (12), ചൈത്ര (10) എന്നിവർ റായ്ച്ചൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയിലാണ്.
തിങ്കളാഴ്ച രാത്രിയാണ് റൊട്ടിയോടൊപ്പം, കൃഷിയിടത്തിൽ നിന്നും വിളവെടുത്ത അമരയ്‌ക്ക കറി കുടുംബം കഴിച്ചത്. അത്താഴത്തിന് ശേഷം കുടുംബാംഗങ്ങൾക്ക് കടുത്ത വയറുവേദനയും ഛർദ്ദിയും അനുഭവപ്പെടാൻ തുടങ്ങിയതോടെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു
രണ്ട് ദിവസം മുമ്പ് വിളകളിൽ കീടനാശിനി തളിച്ചതിനാൽ അവയുടെ അവശിഷ്ടങ്ങൾ പച്ചക്കറിയിൽ കലർന്നിരിക്കാമെന്നാണ് ഡോക്ടർമാർ പറയുന്നത്.















