ന്യൂഡൽഹി: റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയുടെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്. അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള 50 സ്ഥാപനങ്ങളിലാണ് റെയ്ഡ് നടന്നത്. ഓഫീസുകളിലുണ്ടായിരുന്ന ജീവനക്കാരെ ചോദ്യം ചെയ്തു. യെസ് ബാങ്കിൽ നിന്ന് 3,000 കോടി രൂപ തട്ടിയെടുത്തതുമായി ബന്ധപ്പെട്ട കേസിലാണ് പരിശോധന നടന്നത്.
കബളിപ്പിച്ച് ജനങ്ങളിൽ നിന്ന് പണം തട്ടിയെടുക്കാൻ ആസൂത്രണം നടന്നതായി ഇഡി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. മുതിർന്ന ബാങ്ക് ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയെന്നും സംശയിക്കുന്നു. ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ നിന്നുമുള്ള ഇഡി സംഘങ്ങളാണ് പരിശോധന നടത്തിയത്. അനിൽ അംബാനിയുടെ ഗ്രൂപ്പുമായി ബന്ധമുള്ള മുതിർന്ന ബിസിനസ് എക്സിക്യൂട്ടീവുകളെ വിളിച്ചുവരുത്തി ചോദ്യം ചെയ്യും.
2017-19 കാലത്താണ് യെസ് ബാങ്കിൽ നിന്നും 3,000 കോടി രൂപ വായ്പയെടുത്തത്. ലോണുകൾ ലഭിക്കുന്നതിനായി യെസ് ബാങ്കിന്റെ പ്രമോട്ടർമാർക്ക് അനിൽ അംബാനി കൈക്കൂലി നൽകിയെന്നും ആരോപണമുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് അനിൽ അംബാനിയെയും റിലയൻസ് കമ്മ്യൂണിക്കേഷൻസിനെയും എസ്ബിഐ ‘ഫ്രോഡ്’ ആയി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇഡി റെയ്ഡ്.















