പാലക്കാട്: പാലക്കാട് വടക്കാഞ്ചേരിയിൽ യുവതി ഭർതൃവീട്ടിൽ മരിച്ചനിലയിൽ. സംഭവത്തിൽ ബന്ധുക്കൾ ദുരൂഹത ആരോപിച്ചു. പാലക്കാട് വടക്കാഞ്ചേരി കാരപ്പറ്റ കുന്നുംപള്ളി നേഖ സുബ്രമണ്യനെ (25)യാണ് ആലത്തൂർ തോണിപ്പാടത്തെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മരണത്തിൽ അസ്വാഭാവികത തോന്നി ആശുപത്രി അധികൃതരാണ് പോലീസിനെ അറിയിച്ചത്.
അതേസമയം നേഖയുടെ മരണം കൊലപാതകമാണെന്നും ഭർത്താവ് യുവതിയെ ഇതിനുമുൻപും ക്രൂരമായി മർദിച്ചിട്ടുണ്ടെന്നുമാണ് ബന്ധുക്കളുടെ ആരോപണം. മകൾ ആത്മഹത്യ ചെയ്യില്ലെന്നും അവളെ കൊന്നതാണെന്നും നേഖയുടെ അമ്മയും പറയുന്നു. ഭർത്താവിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ആറുവർഷം മുൻപാണ് നേഖയുടെയും പ്രദീപിന്റെയും വിവാഹം കഴിഞ്ഞത്. രണ്ട് വർഷങ്ങൾക്കുശേഷമാണ് ഇവർക്കൊരു മകൾ ജനിച്ചത്. മക്കളില്ലാത്തതുമായി ബന്ധപ്പെട്ട് പ്രദീപ് നിരന്തരം വഴക്കിട്ടിരുന്നതായും നേഖയെ മർദിച്ചിരുന്നതായും ബന്ധുക്കൾ ആരോപിക്കുന്നു. സംഭവത്തിൽ ആലത്തൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.















