ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യൻ ആയുധങ്ങളുടെ ശക്തി ലോകം കണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്രഹ്മോസ് മിസൈൽ എന്ന് കേൾക്കുമ്പോൾ പാകിസ്ഥാന്റെ ഉറക്കം കെടുന്നുവെന്നും ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഇന്ത്യയുടെ കരുത്ത് തെളിയിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു. വാരണാസിയിൽ സംഘടിപ്പിച്ച പൊതുറാലിയിൽ, ലഖ്നൗവിൽ പുതുതായി ഉദ്ഘാടനം ചെയ്ത ബ്രഹ്മോസ് എയ്റോസ്പേസിനെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്രഹ്മോസ് മിസൈലുകൾ ഇന്ത്യയുടെ ശത്രുക്കളിൽ ഭയമുണ്ടാക്കി. ബ്രഹ്മോസ് എന്ന് കേൾക്കുമ്പോൾ തന്നെ പാകിസ്ഥാന്റെ ഉറക്കം പോകുന്നു. പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് വീണ്ടും പ്രശ്നങ്ങളുണ്ടായാൽ ഉത്തർപ്രദേശിൽ നിർമിച്ച മിസൈലുകൾ ഉപയോഗിച്ച് ഭീകരരെ തകർക്കും. 26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിന് ഓപ്പറേഷൻ സിന്ദൂറിലൂടെ പ്രതികാരം ചെയ്യുമെന്ന എന്റെ വാഗ്ദാനം ഭഗവാന്റെ അനുഗ്രഹത്താൽ നിറവേറ്റപ്പെട്ടു.
ഓപ്പറേഷൻ സിന്ദൂരിനെ ‘നാടകം’ എന്ന് വിശേഷിപ്പിച്ചതിന് കോൺഗ്രസിനെയും സമാജ് വാദി പാർട്ടിയെയും പ്രധാനമന്ത്രി വിമർശിച്ചു. പാകിസ്ഥാൻ അസ്വസ്ഥമാണെന്ന് എല്ലാവർക്കുമറിയാം. പക്ഷേ, കോൺഗ്രസിനും സമാജ് വാദി പാർട്ടിക്കും ആ വേദന സഹിക്കാൻ കഴിയുന്നില്ല. പാകിസ്ഥാൻ കരയുകയാണ്. അതുപോലെ കോൺഗ്രസും സമാജ് വാദി പാർട്ടിയും അത് കണ്ട് കരയുന്നു. ഇന്ത്യൻ സൈന്യത്തിന്റെ ശക്തിയെ കോൺഗ്രസ് നിരന്തരം അപമാനിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.















