തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി ബിജെപി ദേശീയ നിർവാഹക സമിതിയംഗം കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം. സംസ്ഥാന വോട്ടർപട്ടികയിൽ വ്യാപകമായ ക്രമക്കേട് നടന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. ഇത് സംബന്ധിച്ച് തെളിവുകളും സമർപ്പിച്ചിട്ടുണ്ട്. പരാതിക്കൊപ്പം പെൻഡ്രൈവും കൈമാറി.
കേരളത്തിലെ വോട്ടർ പട്ടികയിൽ കാര്യമായ പരിശോധനകൾ വേണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടതായി കുമ്മനം രാജശേഖരൻ പറഞ്ഞു. തിരുവനന്തപുരത്തെ വോട്ടർ പട്ടികയിലെ ക്രമക്കേട് പ്രത്യേകമായി കമ്മിഷനെ അറിയിച്ചു. ജനസംഖ്യയേക്കാൾ കൂടുതൽ വോട്ടർമാർ പല മണ്ഡലത്തിലുമുണ്ടെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.
“വോട്ടിംഗ് സംവിധാനങ്ങളെല്ലാം വളരെ ഉത്തരവാദിത്തത്തോടെയാണ് ബിജെപി പരിശോധന നടത്തിയത്. വളരെ ശാസ്ത്രീയമായ പരിശോധന തന്നെയാണ് നടന്നത്.
ഒരേ വോട്ടർ നമ്പറിൽ തന്നെ നിരവധി വോട്ടർമാർക്ക് വോട്ട് ചെയ്യുന്ന വിധത്തിൽ വോട്ടർപട്ടികയിൽ ഇടംനേടിയിട്ടുണ്ട്. ഒരേ വോട്ടർ ഐഡിയാണ് പക്ഷേ, പല പേരുകളാണ്. ഒരേ വോട്ടർ ഐഡിയിലുള്ള ഒരേ പേരുകാർ അതേ പേരിൽ തന്നെ വ്യത്യസ്തമായ സ്ഥലങ്ങളിൽ വോട്ടർപട്ടികയിൽ പേര് വന്നിരിക്കുന്നു”.
“വാർഡ് വിഭജിച്ചപ്പോൾ വോട്ടർമാരുടെ എണ്ണം പറഞ്ഞു. പക്ഷേ, പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ വളരെ അത്ഭുതകരമായ രീതിയിൽ വോട്ടർമാരുടെ എണ്ണം വർദ്ധിച്ചിരിക്കുന്നു. ഇത് ചൂണ്ടിക്കാണിക്കാണ് ഇലക്ഷൻ കമ്മീഷനെ സമീപിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു”.
കഴിഞ്ഞ മാസം 23-ാം തീയതിയാണ് കരട് വോട്ടർ പട്ടിക പുറത്തിറക്കിയത്. വ്യാപകമായ ക്രമക്കേട് നടന്നതായി നിരവധി പരാതികൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കരട് വോട്ടർ പട്ടിക പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയിരിക്കുന്നത്. വോട്ടർ പട്ടികയിലെ ക്രമക്കേട് കൃത്യമായി അന്വേഷിക്കണമെന്ന് പരാതിയിൽ പറയുന്നു.















