ന്യൂഡൽഹി: പ്രതീക്ഷയുടെയും ആഗ്രഹങ്ങളുടെയും ഉത്സവമാണ് ഓരോ സ്വാതന്ത്ര്യദിനവുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 79-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഡൽഹിയിലെ ചെങ്കോട്ടയിൽ നടന്ന ആഘോഷത്തിൽ രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഒപ്പുവച്ച സിന്ധു നദീജല കരാറിനെ പ്രധാനമന്ത്രി വിമർശിച്ചു. നദികളിലെ വെള്ളത്തിന്മേൽ രാജ്യത്തെ കർഷകർക്ക് അവകാശമുണ്ട്. എന്റെ മണ്ണ് ദാഹിച്ചുവലഞ്ഞപ്പോൾ സിന്ധുനദീജലം ശത്രുവിന്റെ മണ്ണിലൊഴുകി. എന്നാൽ ഇനി എന്നും ഇന്ത്യയ്‌ക്കും അവിടുത്തെ കർഷകർക്കും സിന്ധുനദീജലത്തിന്മേൽ അവകാശമുണ്ടായിരിക്കും.
പഹൽഗാം ഭീകരാക്രമണത്തിൽ മതം ചോദിച്ചാണ് ഭീകരർ പാവപ്പെട്ടവരെ കൊലപ്പെടുത്തിയത്. ഇത് രാജ്യത്തെ മുഴുവൻ വേദനിപ്പിച്ചു. അത്തരമൊരു കൂട്ടക്കൊലയിൽ ലോകം മുഴുവൻ ഞെട്ടി. അതിന് മറുപടി നൽകാൻ സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകിയിരുന്നു. പദ്ധതിയും സമയവും ലക്ഷ്യവുമെല്ലാം അവർ തീരുമാനിച്ചു. ശത്രുവിന്റെ മണ്ണിലേക്ക് ആഴ്ന്നിറങ്ങി ഭീകരകേന്ദ്രങ്ങൾ നിലംപരിശാക്കി. പാകിസ്ഥാനിലുണ്ടായ നാശം വളരെ വലുതാണ്.
പഹൽഗാം ഭീകരാക്രമണത്തിൽ ഭാരതത്തിന്റെ രോക്ഷ പ്രകടനമായിരുന്നു ഓപ്പറേഷൻ സിന്ദൂർ. ദൗത്യത്തിലെ ധീരസൈനികരെ അഭിവാദ്യം ചെയ്യാൻ അവസരം ലഭിച്ചതിൽ ഞാൻ വളരെയധികം അഭിമാനിക്കുന്നു. സങ്കൽപ്പിക്കാൻ പോലും സാധിക്കാത്ത രീതിയിൽ നമ്മുടെ സൈനികർ അവർക്ക് തിരിച്ചടി നൽകി.
150 കോടി പ്രതിജ്ഞകളുടെ ദിവസമാണിന്ന്. ഉത്സവമാണ്. അഭിമാനവും സന്തോഷവും നിറഞ്ഞ നേട്ടങ്ങളുടെ നിമിഷമാണിത്. രാഷ്‌ട്രം ഐക്യത്തിന്റെ ആത്മാവിന് ശക്തി നൽകുന്നു. കഴിഞ്ഞ 75 വർഷമായി രാജ്യത്തിന്റെ വഴിക്കാട്ടിയായി ഭരണഘടന നിലക്കൊള്ളുകയാണ്. ദേശസ്നേഹികളായ സ്വാതന്ത്ര്യ സമര സേനാനികൾ മാത്രമല്ല, വിദേശ പണ്ഡിതരും ഭരണഘടനയെ ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.















