എറണാകുളം : താരസംഘടനയായ അമ്മ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തി നടനും മുൻ പ്രസിഡന്റുമായ മോഹൻലാൽ. നിർമാതാവ് ആന്റണി പെരുമ്പാവൂരിനൊപ്പമാണ് മോഹൻലാൽ എത്തിയത്. രാവിലെ 10 മണിയോടെയാണ് തെരഞ്ഞെടുപ്പ് ആരംഭിച്ചത്.
അധികാരമേൽക്കുന്ന പുതിയ കമ്മിറ്റി സംഘടനയെ മുന്നോട്ട് കൊണ്ടുപോകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വോട്ട് ചെയ്ത ശേഷം മോഹൻലാൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. എല്ലാ അംഗങ്ങളുടെയും അഭിപ്രായമനുസരിച്ച് ഒരു കമ്മിറ്റി വരും. നല്ല രീതിയിൽ അത് അമ്മ പ്രസ്ഥാനത്തെ മുന്നോട്ട് കൊണ്ടുപോവും. ആരും ഇതിൽ നിന്ന് വിട്ടുപോയിട്ടില്ല. എല്ലാവരും ഇവിടെ തന്നെയുണ്ട്. എല്ലാവരും ഒരുമിച്ച് ഏറ്റവും നല്ല ഭരണം കാഴ്ചവയ്‌ക്കുമെന്നാണ് വിശ്വാസിക്കുന്നതെന്നും മോഹൻലാൽ പറഞ്ഞു.
രാവിലെ ആരംഭിച്ച വോട്ടെടുപ്പ് ഉച്ചയ്‌ക്ക് ഒരുമണി വരെ ലുലു മാരിയറ്റ് ഹോട്ടലിലാണ് നടക്കുന്നത്. ഇന്ന് വൈകിട്ടോടെ ഫലപ്രഖ്യാപനവുമുണ്ടാവും. പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോനും ദേവനുമാണ് മത്സരിക്കുന്നത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് രവീന്ദ്രൻ, കുക്കു പരമേശ്വരൻ എന്നിവർ മത്സരിക്കുന്നു.
ജനറൽ ബോഡിയിലെ 507 അംഗങ്ങൾക്കാണ് വോട്ട് ചെയ്യാനുള്ള യോഗ്യതയുള്ളത്. എക്സിക്യൂട്ടീവ് കമ്മിറ്റി ഉൾപ്പെടെ മറ്റ് പ്രധാന സ്ഥാനങ്ങളിലേക്കും ഇന്ന് അംഗങ്ങളെ തെരഞ്ഞെടുക്കും. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നേതൃനിരയിലേക്ക് സ്ത്രീകൾ വരണമെന്നാണ് വോട്ടിടാൻ എത്തിയ താരങ്ങൾ പ്രതികരിച്ചത്. ഏറെ വിവാദങ്ങൾക്കും വ്യാജ പരാതികൾക്കുമിടയിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശ്വേത മേനോനെതിരെ ഉൾപ്പെടെ പരാതികൾ ഉയർന്നിരുന്നു. അശ്ലീല സിനിമകൾ അഭിനയിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.















