ന്യൂഡൽഹി: ഡൽഹിയുടെ വികസനത്തിൽ പ്രതിപക്ഷ പാർട്ടികൾ അസ്വസ്ഥരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വികസിത ഇന്ത്യയുടെ തലസ്ഥാനമാണെന്ന് തോന്നിക്കുന്ന തരത്തിൽ ഡൽഹിയെ വികസിപ്പിക്കണമെന്നും രാജ്യതലസ്ഥാനത്തെ മികച്ച നഗരമാക്കണമെന്നത് തന്റെ പ്രതിജ്ഞയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡൽഹിയിൽ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടനയുടെ പകർപ്പ് തലയിൽ വച്ചിരുന്നവർ ഭരണഘടനയുടെ ആത്മാവിനെ ചവിട്ടിമെതിച്ചു. ബിആർ അംബേദ്കറുടെ ആശയങ്ങളെ ഒറ്റിക്കൊടുത്തു. ഡൽഹിയിലെ നമ്മുടെ ശുചിത്വ തൊഴിലാളികൾ വലിയ ഉത്തരവാദിത്തങ്ങൾ ചെയ്യുന്നു. മുൻ സർക്കാരുകൾ അവരെ അടിമകളെ പോലെയാണ് കണ്ടിരുന്നത്. മുൻകൂട്ടി അറിയിക്കാതെ ജോലിക്ക് വരാതിരുന്നാൽ അവരെ ഒരു മാസം തടവിലാക്കും. ഇതിനൊരു വ്യവസ്ഥയും ഉണ്ടാക്കിയിട്ടുണ്ട്. ഒരു ചെറിയ തെറ്റിന് അവരെ ജയിലിടയ്‌ക്കുന്നു. സാമൂഹിക നീതിയെക്കുറിച്ച് ഇപ്പോള്‍ വലിയ കാര്യങ്ങള്‍ പറയുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യത്ത് ഇത്തരം നിരവധി നിയമങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്.
കഴിഞ്ഞ 11 വർഷത്തിനിടെ ഡൽഹിയിൽ വൻ തോതിൽ വികസനപ്രവർത്തനങ്ങൾ നടന്നു. എൻസിആറിൽ നിരവധി വിമാനത്താവളങ്ങൾ നിർമിക്കപ്പെട്ടു. യുപിഎ സർക്കാരിന്റെ കാലത്ത് ഒരു വികസനങ്ങളും നടന്നിട്ടില്ല. ഞങ്ങൾക്ക് അവസരം നൽകിയപ്പോഴാണ് നിർമാണം പൂർത്തിയായത്. കഴിഞ്ഞ 11 വർഷത്തിനിടെ അടിസ്ഥാനസൗകര്യ ബജറ്റ് ആറ് മടങ്ങ് വർദ്ധിപ്പിച്ചു.
ബിജെപിയെ ഡൽഹിയിലെ ജനങ്ങൾ അനുഗ്രഹിച്ചു. എന്നാൽ ഇത് ചില രാഷ്‌ട്രീയ പാർട്ടികൾക്ക് ദഹിക്കുന്നില്ല. രാജ്യത്തെ എല്ലാ പൗരന്മാരും തദ്ദേശീയ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കണം. ഇന്ത്യയിൽ നിർമിച്ച ഉത്പ്പന്നങ്ങളിൽ വിശ്വസിക്കണമെന്ന് എല്ലാവരോടും ഞാൻ അഭ്യർത്ഥിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.















