ന്യൂഡൽഹി: ബഹിരാകാശയാത്രികൻ ശുഭാംഷു ശുക്ല ഇന്ത്യയിൽ തിരിച്ചെത്തി. കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത, ISRO ചെയർമാൻ വി. നാരായണൻ എന്നിവർ ചേർന്നാണ് ശുഭാംഷുവിനെ സ്വീകരിച്ചത്. കുടുംബത്തോടൊപ്പം നാട്ടിലേക്ക് പോകുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര ചെയ്ത ആദ്യത്തെ ഇന്ത്യക്കാരനാണ് ശുഭാംഷു ശുക്ല. കഴിഞ്ഞ ഒരു വർഷമായി ആക്സിയം- 4 ദൗത്യത്തിന്റെ ഭാഗമായി യുഎസിലായിരുന്നു ശുഭാംഷു. ദൗത്യം പൂർത്തിയാക്കിയ ശേഷമുള്ള ബഹിരാകാശ യാത്രികന്റെ ആദ്യ മടങ്ങിവരവാണിത്. ഭാരതത്തിലേക്ക് മടങ്ങിവരാൻ താൻ ഏറെ ആകാംക്ഷയിലാണെന്ന് ശുഭാംഷു ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു.
ശുഭാംഷുവിന്റെ യാത്ര ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിന് സഹായകരമാകുമെന്ന് പ്രധാനമന്ത്രി നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ചെങ്കോട്ടയിൽ നടന്ന 79-ാമത് സ്വാതന്ത്ര്യദിനാഘോഷത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെ സ്വന്തമായി ബഹിരാകാശ നിലയം വികസിപ്പിക്കാനുള്ള ഇന്ത്യയുടെ പദ്ധതികളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.















