കൊച്ചിയിൽ നടന്ന പരിപാടിക്കിടെ കുഴഞ്ഞുവീണ നടനും അവതാരകനുമായ രാജേഷ് കേശവ് ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. ഞായറാഴ്‌ച്ച രാത്രി ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന ചടങ്ങിനിടെയാണ് രാജേഷ് തളർന്ന് വീണത്. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. നടന് ഹൃദയസ്തംഭനമുണ്ടായി എന്നാണ് വിവരം. ആൻജിയോപ്ലാസ്റ്റിക്ക് ശേഷം അദ്ദേഹം വെന്റിലേറ്ററിലാണെന്നാണ് റിപ്പോർട്ട്.
ഞായറാഴ്‌ച്ച രാത്രി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടന്ന പരിപാടിയുടെ അവസാനമാണ് രാജേഷ് കുഴഞ്ഞു വീണതെന്ന് ചലച്ചിത്ര പ്രവര്‍ത്തകനായ പ്രതാപ് ജയലക്ഷ്മിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറയുന്നു.
കുറിപ്പിന്റെ പൂർണരൂപം:
നമ്മുടെ പ്രിയ കൂട്ടുകാരൻ രാജേഷ് കേശവിന് ഇപ്പോൾ വേണ്ടത് നിങ്ങളുടെ പ്രാർത്ഥനയാണ്. ഞായറാഴ്‌ച്ച രാത്രി ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന പരിപാടിയുടെ അവസാനമാണ് അവൻ തളർന്നു വീണത്. ഏകദേശം 15-20 മിനിറ്റിനുള്ളിൽ രാജേഷിനെ കൊച്ചി ലേക് ഷോർ ഹോസ്പിറ്റലിൽ കൊണ്ട് വന്നു. പക്ഷെ വീണപ്പോൾ തന്നെ Cardiac arrest ഉണ്ടായതായി ഡോക്ടർമാർ പറയുന്നു. തുടർന്ന് Angioplastyl ചെയ്തു. അപ്പോൾ മുതൽ വെന്റിലേറ്റർ സഹായത്തോടെ ജീവിക്കുന്ന അവൻ ഇത് വരെയും പ്രതികരിച്ചിട്ടില്ല (ഇടയ്‌ക്ക് ചെറിയ അനക്കങ്ങൾ കണ്ടതൊഴിച്ചാൽ). തലച്ചോറിനെയും ചെറിയ രീതിയിൽ ഈ അവസ്ഥ ബാധിച്ചതായി ഡോക്ടമാർ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.
ജീവിതത്തിലേക്ക് അവനു തിരിച്ചു വരാൻ ഇനി വേണ്ടത് സ്നേഹമുള്ളവരുടെ പ്രാർത്ഥന കൂടി ആണെന്ന് ഞങ്ങൾ തിരിച്ചറിയുന്നു. സ്റ്റേജിൽ തകർത്തു പെർഫോമൻസ് ചെയ്യുന്ന അവന് ഇങ്ങിനെ വെന്റിലേറ്റർ ബലത്തിൽ കിടക്കാൻ കഴിയില്ല.. നമ്മളൊക്കെ ഒത്തു പിടിച്ചാൽ അവൻ എണീറ്റു വരും.. പഴയ പോലെ സ്റ്റേജിൽ നിറഞ്ഞാടുന്ന… നമ്മുടെ സുഹൃത്തിനു വേണ്ടി ശക്തമായ പ്രാർത്ഥനയും സ്നേഹവും ഉണ്ടാവണം.. കൂടുതലൊന്നും പറയാൻ ഇപ്പോൾ പറ്റുന്നില്ല… അവൻ തിരിച്ചു വരും.. വന്നേ പറ്റൂ….
Pls come back my dear most Buddy🙏















