കൊൽക്കത്ത: 27 ലക്ഷം രൂപ വിലമതിക്കുന്ന വെള്ളിയാഭരണങ്ങൾ ബംഗ്ലാദേശിലേക്ക് കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. പശ്ചിമ ബംഗാളിലെ അതിർത്തി ഗ്രാമം വഴിയാണ് വെള്ളിയാഭരണങ്ങൾ കടത്താൻ ശ്രമിച്ചത്. കാറിന്റെ ഓയിൽടാങ്കിൽ ഒളിപ്പിച്ച നിലയിലായിരുന്നു വെള്ളിയാഭരണങ്ങൾ. അതിർത്തി സുരക്ഷാസേന നടത്തിയ പരിശോധനയിലാണ് ആഭരണങ്ങൾ കണ്ടെടുത്തത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സംശയാസ്പദമായി യുവാവിനെ കണ്ടതോടെയാണ് ബിഎസ്എഫ് കാർ തടഞ്ഞുനിർത്തി പരിശോധന നടത്തിയത്. ചോദ്യംചെയ്യലിൽ സംശയം ബലപ്പെട്ടു. തുടർന്ന് കൂടുതൽ ഉദ്യോഗസ്ഥരെ സ്ഥലത്തെത്തിച്ച് പരിശോധന നടത്തുകയായിരുന്നു.
20 പാക്കറ്റുകളിലായി ഒളിപ്പിച്ച നിലയിലാണ് വെള്ളിയാഭരണങ്ങൾ കണ്ടെടുത്തത്. ബംഗ്ലാദേശിലുള്ള ഒരു കോൺട്രാക്ടറുടെ നിർദേശപ്രകാരമാണ് വെള്ളി കടത്തിയത്. കള്ളക്കടത്തുമായി ബന്ധപ്പെട്ട് 2021-ലും ഇയാളെ പിടികൂടിയിരുന്നതായി കണ്ടെത്തി. ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി വഴി കള്ളക്കടത്ത് നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ യുവാവ്.
കൂടുതൽ അന്വേഷണത്തിനായി അറസ്റ്റ് ചെയ്ത പ്രതിയെയും പിടികൂടിയ തൊണ്ടിമുതലും പൊലീസ് ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ട്.















