ടോക്കിയോ: 26 വിനോദസഞ്ചാരികളുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണത്തിന്റെ പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് കടുത്ത ശിക്ഷ നൽകണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബ. പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലഷ്കർ ഇ ത്വയ്ബ, ജെയ്ഷെ മുഹമ്മദ് എന്നീ ഭീകരസംഘടനകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും ജാപ്പനീസ് പ്രധാനമന്ത്രി പറഞ്ഞു.
അതിർത്തി കടന്നുള്ള ഭീകരതയെയും സാധാരണക്കാരെ കൊന്നൊടുക്കുകയും ചെയ്യുന്ന തീവ്രവാദത്തെയും ഷിഗെരു ഇഷിബ ശക്തമായി അപലപിച്ചു. ഭീകരർക്ക് സംരക്ഷണം ഒരുക്കുന്നവരെ വേരോടെ പിഴുതെറിയണം. ഭീകരവാദത്തിനായി എത്തുന്ന വിദേശഫണ്ട് ഇല്ലാതാക്കണം. ഭീകരരുടെ അതിർത്തി കടന്നുള്ള നീക്കം തടയാനും വേണ്ട നടപടികൾ അടിയന്തരമായി സ്വീകരിക്കേണ്ടതുണ്ടെന്ന് ജാപ്പനീസ് പ്രധാനമന്ത്രിയുടെ പ്രസ്താവനയിൽ പറയുന്നു.
യുക്രെയിൻ-റഷ്യ, ഇസ്രയേൽ- പലസ്തീൻ സംഘർഷങ്ങളെ കുറിച്ചും ഇരുനേതാക്കളും ചർച്ച ചെയ്തു. എല്ലാ രാജ്യങ്ങളും സംയമനം പാലിക്കണം, ജനങ്ങളെ സംരക്ഷിക്കണം, നിയമങ്ങൾ പാലിച്ചുമുന്നോട്ടുപോകണം, സ്ഥിതി കൂടുതൽ വഷളാകുന്ന നടപടികളിൽ നിന്ന് വിട്ടുനിൽക്കണം എന്നീ കാര്യങ്ങളാണ് ജാപ്പനീസ് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയത്.
ഗാസയിലെ ജനജീവിതത്തെ കുറിച്ചും ഷിഗെരു ഇഷിബ ആശങ്ക പ്രകടിപ്പിച്ചു. എല്ലാ ബന്ദികളെയും മോചിപ്പിക്കുന്നതിനും വെടിനിർത്തൽ ഉറപ്പാക്കുന്നതിനും ഇരുരാജ്യങ്ങളും ഒരു കരാറിൽ എത്തണമെന്നും അദ്ദേഹം പറഞ്ഞു.















