ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംങുമായുള്ള കൂടിക്കാഴ്ച ഇന്ന്. ഷാങ്ഹായ് സഹകരണ സംഘടനയുടെ വാർഷിക ഉച്ചകോടിക്കിടെയായിരിക്കും ഇരുവരും കൂടിക്കാഴ്ച നടത്തുക. ഇറക്കുമതി തീരുവ വർദ്ധിപ്പിച്ച യുഎസിന്റെ പ്രതികാര നടപടിക്ക് പിന്നാലെയാണ് ഷി ജിൻപിംങിന്റെയും പ്രധാനമന്ത്രിയുടെയും കൂടിക്കാഴ്ച. റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനും കൂടിക്കാഴ്ചയിൽ പങ്കുചേരും. ഇറക്കുമതി തീരുവ കുത്തനെ ഉയർത്തിയ ട്രംപിന്റെ നീക്കത്തിന് ശേഷമുള്ള ഉഭയകക്ഷി ചർച്ച, ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിർണായകമായിരിക്കും.
ചൈനയുടെ തുറമുഖ നഗരമായ ടിയാൻജിനിലാണ് അടുത്ത രണ്ട് ദിവസം ഷാങ്ഹായ് സഹകരണ സംഘടനയുടെ വാർഷിക ഉച്ചകോടി നടക്കുന്നത്. ഏഴ് വർഷത്തിന് ശേഷമാണ് പ്രധാനമന്ത്രി ചൈന സന്ദർശിക്കുന്നത് എന്നതും പ്രാധാന്യമേറിയ ഘടകമാണ്. ചൈനീസ് പ്രസിഡന്റുമായി സുരക്ഷ, പ്രതിരോധം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ മോദി ചർച്ച നടത്തുമെന്നാണ് വിവരം.
ഷിയുടെയും മോദിയുടെയും കൂടിക്കാഴ്ചയാണ് ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി വിമാനസർവീസുകൾ പുനരാരംഭിക്കാൻ ഇരുവരും സമ്മതിച്ചു. കൂടാതെ വ്യാപാരം ആരംഭിക്കാനും വിസ അനുവദിക്കാനും ഇരുപക്ഷവും തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൂടിക്കാഴ്ച നടക്കുന്നത്.
2020-ൽ ഗൽവാനിലുണ്ടായ ഏറ്റുമുട്ടലിന് ശേഷമാണ് ചൈനയും ഇന്ത്യയും തമ്മിലുള്ള ബന്ധം വഷളായത്. തുടർന്ന് വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കുറയുകയുകയായിരുന്നു.















