പട്ന: ബിഹാറിൽ നടന്ന റാലിയിൽ തനിക്കെതിരെ ഉയർന്ന അധിക്ഷേപ പരാമർശത്തിൽ ആർജെഡിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്നെയും അമ്മയെയും അധിക്ഷേപിച്ചതിനാണ് പ്രധാനമന്ത്രിയുടെ വിമർശനം. രാജ്യത്തുടനീളമുള്ള സ്ത്രീകളെ അപമാനിക്കുന്ന തരത്തിലാണ് ആർജെഡി, കോൺഗ്രസ് പ്രവർത്തകരുടെ പെരുമാറ്റമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
രാഷ്‌ട്രീയത്തിന്റെ ഭാഗമായി നടക്കുന്ന പരിപാടികളിൽ തന്റെ അമ്മയെ ഉൾപ്പെടെ ലക്ഷ്യമിടുന്നത് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത കാര്യമാണ്. അമ്മയാണ് നമ്മുടെ ലോകം. അമ്മയാണ് നമ്മുടെ ആത്മാഭിമാനം. ബിഹാറിലെ ആർജെഡി കോൺഗ്രസ് പ്രവർത്തകർ എന്റെ അമ്മയെ അപമാനിച്ചു.
പ്രതിപക്ഷ പാർട്ടികളുടെ ഈ പ്രവൃത്തി എന്റെ അമ്മയെ മാത്രമല്ല, രാജ്യത്തെ എല്ലാ അമ്മമാരെയും സഹോദരീമാരെയും പെൺകുട്ടികൾക്കും എതിരായ അപമാനമാണിത്. ബിഹാറിലെ ഓരോ അമ്മയ്‌ക്കും ഇത് കേൾക്കുമ്പോൾ എത്രമാത്രം വിഷയം തോന്നിയെന്ന് എനിക്കറിയാം. എനിക്ക് എത്ര വേദന ഉണ്ടായിട്ടുണ്ടോ അത്രയും തന്നെ അവരും വേദനിച്ചിട്ടുണ്ട്. രാഷ്‌ട്രീയവുമായി യാതൊരു ബന്ധവുമില്ലാത്ത എന്റെ അമ്മയെ ഇതിലേക്ക് വലിച്ചിഴച്ചത് എന്തിനാണ്. ആർജെഡിയും കോൺഗ്രസും അമ്മയെ എന്തിനാണ് അധിക്ഷേപിച്ചതെന്ന് വിശദമാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.















