മുംബൈ: ബോംബ് സ്ഫോടന ഭീഷണി മുഴക്കിയ കേസിൽ ഒരാളെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ബിഹാർ സ്വദേശിയായ അശ്വിൻ കുമാർ സുപ്ര (50) ആണ് പിടിയിലായത്. വാട്സ്ആപ്പ് വഴിയുള്ള ഭീഷണി സന്ദേശത്തിന് പിന്നാൽ ഇയാളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. നോയിഡയിൽ നിന്നുള്ള മൊബൈൽ ഫോണും സിം കാർഡും ഉപയോഗിച്ചാണ് സുപ്ര ബോംബ് ഭീഷണി മുഴക്കിയതെന്ന് വൃത്തങ്ങൾ അറിയിച്ചു.
നോയിഡയിലെ സെക്ടർ 79 ലെ ഒരു റെസിഡൻഷ്യൽ സൊസൈറ്റിയിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ അഞ്ച് വർഷമായി ഇയാൾ വാസ്തു കൺസൾട്ടന്റാണെന്നാണ് വിവരം. ഭീഷണി സന്ദേശം അയക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. കൂടുതൽ ചോദ്യം ചെയ്യലിനായി ഇയാളെ നോയിഡയിൽ നിന്ന് മുംബൈയിലേക്ക് കൊണ്ടുവരും.
ലഷ്കർ-ഇ-ജിഹാദിയിലെ 14 ഭീകരർ മുംബൈയിലേക്ക് നുഴഞ്ഞുകയറിയിട്ടുണ്ടെന്നും 400 കിലോഗ്രാം ആർഡിഎക്സ് ഉപയോഗിച്ച് സ്ഫോടനം നടത്തുമെന്നായിരുന്നു സന്ദേശം. വാട്‌സ്ആപ്പ് വഴിയാണ് മുംബൈ ട്രാഫിക് പോലീസിന്റെ ഹെൽപ്പ് ലൈനിൽ ഭീഷണി സന്ദേശം ലഭിച്ചത്.
ഗണേശോത്സവത്തിന്റെ പത്താം ദിവസമായ ശനിയാഴ്ച മുംബൈയിൽ വലിയ ആഘോഷമാണ് നടക്കുന്നത്. ഇതിന്റെ സുരക്ഷാ ക്രമീകരണങ്ങൾക്കിടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. പിന്നാലെ മുംബൈ നഗരത്തിൽ സുരക്ഷ ശക്തമാക്കിയിരുന്നു. ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 351 (ക്രിമിനൽ ഭീഷണി), 2,3, 4 എന്നീ ഉപവകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.















