ശ്രീനഗർ: കശ്മീരിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ച് സുരക്ഷാസേന. കശ്മീരിലെ കുൽഗാമിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിൽ മൂന്ന് സൈനികർക്ക് പരിക്കേറ്റു. കശ്മീർ പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ ഓപ്പറേഷനിലാണ് ഏറ്റുമുട്ടൽ നടന്നത്. കശ്മീർ പൊലീസും സുരക്ഷാസേനയും സംയുക്തമായായിരുന്നു ഓപ്പറേഷൻ.
തെരച്ചിലിനിടെ വനത്തിൽ ഒളിച്ചിരുന്ന ഭീകരർ സൈനികർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് ശക്തമായ വെടിവയ്പ്പുണ്ടായി. ഏറ്റുമുട്ടലിൽ പരിക്കേറ്റ സൈനികരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഇന്ത്യൻ സൈന്യത്തിന്റെ ചിനാർ കോർപ്സാണ് ഇക്കാര്യം അറിയിച്ചത്. രണ്ടോ മൂന്നോ ഉദ്യോഗസ്ഥർ ഇപ്പോഴും പ്രദേശത്ത് ഒളിച്ചിരിക്കുന്നുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. സ്ഥലത്ത് തെരച്ചിൽ പുരോഗമിക്കുകയാണ്.















