ഇടുക്കി: സാധനങ്ങൾ വാങ്ങാൻ എത്തിയ മറിയക്കുട്ടിക്ക് റേഷൻ കടയിൽ വിലക്ക് എന്ന് പരാതി.സാധനങ്ങൾ വാങ്ങാൻ എത്തിയ മറിയക്കുട്ടിയോട് ബിജെപിക്കാരുടെ കടയിൽ പോകാൻ ജീവനക്കാർ പറഞ്ഞുവെന്ന് മറിയക്കുട്ടി ആരോപിച്ചു. അടിമാലിയിലെ ARD 117 എന്ന റേഷൻ കടയിലാണ് മറിയക്കുട്ടിവിലക്ക് നേരിട്ടത്. സംഭവത്തിൽ ജില്ലാ കളക്ടർക്കും സപ്ലൈ ഓഫീസർക്കും മറിയക്കുട്ടി പരാതി നൽകി.
എന്നാൽ റേഷൻകട ജീവനക്കാരൻ ആരോപണം നിഷേധിച്ചു. ബിജെപിക്കാരുടെ കടയിൽ പോകാൻ പറഞ്ഞിട്ടില്ല. മറിയക്കുട്ടി വന്നപ്പോൾ തിരക്കുണ്ടായിരുന്നു. നെറ്റ് വർക്കിലും പ്രശ്നങ്ങളുണ്ടായിരുന്നു. അതുകൊണ്ട് അവർ തിരികെ പോകുകയാണ് ചെയ്തത്. രാഷ്‌ട്രീയം കലർത്തിയുള്ള സംഭാഷണം ഉണ്ടായില്ലെന്നും റേഷൻകട ജീവനക്കാരൻ ജിൻസ് ജോസഫ് പറഞ്ഞു.
ക്ഷേമപെൻഷൻ മുടങ്ങിയതിൽ വേറിട്ട സമരത്തിലൂടെ വാര്‍ത്തയില്‍ ഇടംപിടിച്ച വ്യക്തിയാണ് മറിയക്കുട്ടി. 2023 നവംബറിൽ ക്ഷേമപെൻഷൻ മുടങ്ങിയതോടെ സാമ്പത്തിക പ്രതിസന്ധിയിലായ മറിയക്കുട്ടി പ്രതിഷേധ സൂചകമായി അടിമാലി ടൗണിൽ ഭിക്ഷ യാചിച്ച് സമരം നടത്തുകയായിരുന്നു. വാര്‍ത്തയില്‍ ഇടംപിടിച്ചതിന് പിന്നാലെ സഹായവുമായി സുരേഷ് ഗോപി ഉൾപ്പടെ നിരവധി പേർ രംഗത്തെത്തിയിരുന്നു.
തുടർന്ന് തൊടുപുഴയിൽ നടന്ന യോഗത്തിൽ വച്ച് ബിജെപി അംഗത്വം സ്വീകരിച്ചിരുന്നു.















