ന്യൂഡൽഹി : നേപ്പാളിലെ ആഭ്യന്തര കലാപത്തിൽ രാജ്യത്ത് കുടുങ്ങിയ ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങിയെത്താൻ ആരംഭിച്ചു. കഠ്മണ്ഡു വിമാനത്താവളത്തിൽ കുടുങ്ങിയ വിദേശ പൗരന്മാർക്കുള്ള വിസയും മറ്റ് ബന്ധപ്പെട്ട നടപടിക്രമങ്ങളുടെയും സമയപരിധി കുറയ്‌ക്കുന്നതിനും എളുപ്പമാക്കുന്നതിനുമുള്ള നടപടികൾ ആരംഭിച്ചതോടെയാണ് വിദേശികളുടെ മടക്കയാത്ര ആരംഭിച്ചത്.
നേപ്പാളിൽ വിനോദസഞ്ചാരത്തിന് പോയ മലയാളികളായ 40 പേർ ശനിയാഴ്ച തിരിച്ചെത്തും. കോഴിക്കോട്, മലപ്പുറം സ്വദേശികളാണ് നേപ്പാളിൽ കുടുങ്ങിയത്. കഠ്മണ്ഡുവിൽ നിന്നും വിമാനമാർഗം ഇവർ ബെംഗളൂരുവിലെത്തും. ഇവിടെ നിന്ന് റോഡ് മാർഗമായിരിക്കും കോഴിക്കോട് എത്തുക.
എറണാകുളം മുളന്തിരുത്തി നിർമല കോളേജിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ഇന്ന് നാട്ടിലേക്ക് തിരിക്കും. ഇന്റർനാഷണൽ സ്റ്റുഡൻസ് എക്സ്പോയിൽ പങ്കെടുക്കാൻ നേപ്പാളിലെത്തിയ സംഘമാണ് കലാപത്തെ തുടർന്ന് കുടുങ്ങിയത്.
400 ലധികം ഇന്ത്യക്കാർ നേപ്പാളിൽ കുടുങ്ങികിടക്കുന്നുണ്ടെന്നാണ് വിവരം. നേപ്പാളിലെ വിമാനത്താവളങ്ങൾ അടച്ചതിനെ തുടർന്ന് ചിലരെ ഉത്തർപ്രദേശിലെ സോനൗലിയിലെ ഇന്ത്യ-നേപ്പാൾ അതിർത്തിവഴി തിരിച്ചെത്തിച്ചു.















