വാഷിംഗ്ടൺ: ഇന്ത്യയ്ക്ക് പിന്നാലെ ചൈനയ്ക്കും മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടർന്നാൽ ചൈനയ്‌ക്ക് 50 ശതമാനം മുതൽ നൂറ് വരെ അധിക തീരുവ ഈടാക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. നാറ്റോയിലെ അംഗങ്ങളായ രാജ്യങ്ങൾ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിച്ചാൽ മാത്രമേ യുക്രെയിന് യുദ്ധം അവസാനിപ്പിക്കാൻ സാധിക്കുള്ളൂവെന്നും ട്രംപ് സോഷ്യൽമീഡിയയിലൂടെ അറിയിച്ചു.
റഷ്യയിൽ നിന്ന് ഏറ്റവും കൂടുതൽ എണ്ണ വാങ്ങുന്ന രാജ്യം ചൈനയാണ്. രണ്ടാം സ്ഥാനത്ത് ഇന്ത്യയും. ഇന്ത്യ തുടർച്ചയായി എണ്ണ വാങ്ങുന്നതിന്റെ പ്രതികാര നടപടിയായാണ് യുഎസ് ഇറക്കുമതി തീരുവ വർദ്ധിപ്പിച്ചത്. പിന്നാലെ ഇന്ത്യ-യുഎസ് ബന്ധത്തിൽ ചെറിയ തോതിൽ വിള്ളൽ വീണിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചൈന സന്ദർശനം ട്രംപിനേറ്റ കടത്ത തിരിച്ചടിയായിരുന്നു.
നാറ്റോയിലെ രാജ്യങ്ങൾ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഞെട്ടിക്കുന്നുവെന്ന് ഡോണൾഡ് ട്രംപ് പറഞ്ഞു. നാറ്റോ അംഗങ്ങളായ ഹംഗറിയും സ്ലോവാക്കിയയും എണ്ണ വാങ്ങുന്നുണ്ട്. ഇന്ത്യയ്‌ക്ക് മേൽ അധിക തീരുവ ചുമത്തിയപ്പോഴും ഇന്ത്യയേക്കാൾ കൂടുതൽ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന ചൈനയ്‌ക്കെതിരെ യുഎസ് നടപടി സ്വീകരിച്ചിരുന്നില്ല. ഇതിനിടെയാണ് ചൈനയ്‌ക്ക് മുന്നറിയിപ്പുമായി ട്രംപ് തന്നെ രംഗത്തെത്തിയത്.















