ന്യൂഡൽഹി: ഡൽഹിയിലും മുംബൈയിലും നടന്ന ഭീകരാക്രമണങ്ങളുടെ സൂത്രധാരൻ മസൂദ് അഹ്സറാണെന്ന് സമ്മതിച്ച് ജെയ്ഷെ മുഹമ്മദ് ഭീകരൻ. ജെയ്ഷെ മുഹമ്മദിന്റെ മുൻനിര കമാൻഡറായ മസൂദ് ഇല്യാസ് കശ്മീരിയുടേതാണ് കുറ്റസമ്മതം. ഭാരതത്തെ ലക്ഷ്യമിട്ട് പാകിസ്ഥാനിൽ നിന്ന് മസൂദ് അഹ്സർ ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്തിരുന്നതായി മസൂദ് ഇല്യാസ് വെളിപ്പെടുത്തി.
അഞ്ച് വർഷം ഭാരതത്തിൽ തടവ് ശിക്ഷ അനുഭവിച്ച ശേഷമാണ് അഹ്സർ പാകിസ്ഥാനിലെത്തിയത്. 2019-ൽ ഭാരതം വ്യോമാക്രമണം നടത്തിയ ബാലക്കോട്ടായിരുന്നു മസൂദ് അസ്ഹറിന്റെ താവളമെന്നും മസൂദ് ഇല്യാസ് പറഞ്ഞു. ഭീകരർക്ക് പാകിസ്ഥാനിൽ സുരക്ഷിതമായ താവളങ്ങളുണ്ടെന്ന ഭാരതത്തിന്റെ ആരോപണങ്ങളെ സ്ഥിരീകരിക്കുന്നതാണ് ഇല്യാസിന്റെ വാക്കുകൾ. ഒരു വീഡിയോയിലൂടെയാണ് ഇക്കാര്യങ്ങൾ മസൂദ് ഇല്യാസ് തുറന്നുപറഞ്ഞത്. ബാലകോട്ടിൽ വച്ചാണ് ഭാരതത്തിനെതിരെ ഭീകരപ്രവർത്തനങ്ങൾക്ക് ഗൂഢാലോചന നടത്തിയതെന്ന് മസൂദ് പരസ്യമായി അവകാശപ്പെട്ടു.
ഓപ്പറേഷൻ സിന്ദൂറിൽ ബഹാവൽപൂരിൽ നടന്ന വ്യോമാക്രമണത്തിൽ ജെയ്ഷെ മുഹമ്മദ് ഭീകരരുടെ ശവസംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ പാക് സൈന്യത്തിന്റെ ഉന്നത ഉദ്യോഗസ്ഥർ ജനറൽമാരോട് നിർദേശിച്ചതിനെ കുറിച്ചും മസൂദ് ഇല്യാസ് തുറന്നുസമ്മതിച്ചു. പാക് സൈനിക മേധാവി അസിം മുനീറിൽ നിന്നാണ് നിർദേശം ലഭിച്ചത്. ചടങ്ങിൽ പങ്കെടുത്തിട്ടില്ലെന്ന പാകിസ്ഥാന്റെ അവകാശവാദങ്ങൾ പൊളിച്ചടുക്കുന്നതാണ് ഈ വിവരങ്ങൾ.
പാകിസ്ഥാന്റെ സൈനിക-സുരക്ഷാ സംവിധാനത്തിന്റെ നിരീക്ഷണത്തിലാണ് ജെയ്ഷെ ക്യാമ്പുകൾ പ്രവർത്തിക്കുന്നതെന്ന ഭാരതത്തിന്റെ കണ്ടെത്തലുകലും ഇല്യാസിന്റെ വെളിപ്പെടുത്തലിൽ പൊളിഞ്ഞു.















