പട്ന: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അന്തരിച്ച അമ്മയെയും അധിക്ഷേപിക്കുന്ന തരത്തിൽ എഐ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ബിഹാർ ഹൈക്കോടതി. എഐ വീഡിയോ ഉടൻ പിൻവലിക്കണമെന്നും കോടതി നിർദേശിച്ചു. വിവേകാനന്ദ് സിംഗ് സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ആക്ടിംഗ് ചീഫ് ജസ്റ്റിസ് പി ബി ബൈജന്ത്രിയുടേതാണ് നടപടി.
വീഡിയോ ഉടനടി പിൻവലിക്കണമെന്നാണ് കോടതിയുടെ നിർദേശം. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, ബിഹാർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി, ഇന്ത്യ തെരഞ്ഞെടുപ്പ് കമ്മീഷൻ, ഫെയ്സ്ബുക്ക്, എക്സ്, ഗൂഗിൾ എന്നിവർക്കും പട്ന കോടതി നോട്ടീസ് നൽകിയിട്ടുണ്ട്.
ഒരു വ്യക്തിയുടെ സ്വകാര്യതയെയും മൗലികാവകാശത്തെ അപമാനിക്കുന്ന സംഭവമാണ് ഇതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയുടെ അമ്മയുടെ അന്തസിനെ ഹനിക്കുന്ന വീഡിയോ അപമാനകരവും അരോചകവും അധിക്ഷേപകരവുമാണെന്ന് ഹർജിക്കാരൻ വാദിച്ചു. രാഹുൽ ഗാന്ധിയുടെ അറിവോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തതെന്ന് ഹർജിക്കാരൻ കോടതിയെ അറിയിച്ചു.















