മോഹന്‍ലാൽ നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം വൃഷഭയുടെ ടീസര്‍ പുറത്ത്. പ്രശസ്ത കന്നഡ സംവിധായകന്‍ നന്ദകിഷോര്‍ രചനയും സംവിധാനവും നിർവഹിച്ച ചിത്രം കണക്ട് മീഡിയയും ബാലാജി ടെലിഫിലിംസും, അഭിഷേക് എസ് വ്യാസ് സ്റ്റുഡിയോയും ചേര്‍ന്നാണ് അവതരിപ്പിക്കുന്നത്. പാൻ ഇന്ത്യൻ സിനിമയായായിരിക്കും ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തുക.
ആക്ഷന്‍, വൈകാരികത, പ്രതികാരം എന്നിവ കോര്‍ത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ടീസർ നൽകുന്ന സൂചന. ഒരു അച്ഛന്‍- മകന്‍ ബന്ധത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന അതിശക്തമായ കഥയാണ് വൃഷഭ പറയുന്നത്.
യോദ്ധാവിന്റെ വേഷപ്പകർച്ചയിലാണ് മോഹൻലാൽ ചിത്രത്തിൽ എത്തുന്നത്. അതിഗംഭീര വിഷ്വൽ ഇഫക്ടുകളും പശ്ചാത്തലസംഗീതവും കൊണ്ട് നിറഞ്ഞിരിക്കുന്നതാണ് പുറത്തുവന്ന ടീസർ. ദീപാവലി റിലീസായാണ് സിനിമ തിയേറ്ററുകളിലെത്തുന്നത്. തെലുങ്ക്, മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായാണ് വൃഷഭ ചിത്രത്തിൽ എത്തുക.
ശോഭ കപൂര്‍, ഏക്താ ആര്‍ കപൂര്‍, സികെ പത്മകുമാര്‍, വരുണ്‍ മാത്തൂര്‍, സൗരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാല്‍ ഗുര്‍നാനി, പ്രവീര്‍ സിംഗ്, ജൂഹി പരേഖ് മേത്ത എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച വൃഷഭ, ആശീര്‍വാദ് സിനിമാസ് ആണ് കേരളത്തിലെത്തിക്കുന്നത്.















