കോഴിക്കോട്: കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ തിരുകേശ തട്ടിപ്പിൽ ജനകീയ വിചാരണ നടത്താനൊരുങ്ങി മുജാഹിദീൻ സംഘടന ഐഎസ്എം. മുടിയുടെ പേരിൽ കാന്തപുരം നടത്തുന്നത് വൻ സാമ്പത്തിക തട്ടിപ്പാണ്. ഈ തട്ടിപ്പിലൂടെയാണ് നോളജ് സിറ്റി ഉണ്ടാക്കിയതെന്നും അടക്കമുള്ള അതിരൂക്ഷ വിമർശനവുമായി ഐഎസ്എം നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു.
സെപ്തംബർ 19 വെള്ളിയാഴ്ച നാല് മണിക്ക് കോഴിക്കോട് കെ. പി കേശവമേനോൻ ഹാളിലാണ് ജനകീയ വിചാരണ നടക്കുന്നത്. ഡോ. അൻവർ സാദത്ത്, സി. പി ഉമ്മർ സുലമ തുടങ്ങിയവരടെ നേതൃത്വത്തിലാണ് പരിപാടി. ഇതിന് പുറമേ മലബർ മേഖലയിലെ ജില്ലകളിൽ പ്രതിഷേധ പരിപാടികളും നടത്തുന്നുണ്ട്. കാന്തപുരം അന്ധവിശ്വാസം പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹത്തിന്റെ പ്രവൃത്തികൾ ഇസ്ലാം വിശ്വാസങ്ങൾക്ക് എതിരാണെന്നുമാണ് പ്രധാന ആരോപണം.
ആഴ്ചകൾക്ക് മുൻപാണ് തിരുകേശം അരസെന്റീമീറ്റർ വളർന്നെന്ന് കാന്തപുരം അവകാശപ്പെട്ടത്. തിരുകേശം ഉപയോഗിച്ച് വീണ്ടും പണം ഉണ്ടാക്കാനാണ് കാന്തപുരം സുന്നി വിഭാഗത്തിന്റെ ശ്രമം എന്നും ഐഎസ്എം ആരോപിക്കുന്നു.















