കുടുംബപ്രേക്ഷകരെ ഒന്നടങ്കം പിടിച്ചിരുത്തിയ ദൃശ്യം സിനിമയുടെ മൂന്നാം ഭാഗത്തിന് തുടക്കമായി. പൂജാ ചടങ്ങുകളോടെയാണ് ദൃശ്യം 3 ന്റെ ചിത്രീകരണം ആരംഭിച്ചത്. മോഹൻലാൽ, ജീത്തു ജോസഫ്, ആന്റണി പെരുമ്പാവൂർ എന്നിവർ ചേർന്ന് വിളക്കുകൊളുത്തി. പൂജയുടെ ചിത്രങ്ങൾ മോഹൻലാൽ ഫെയ്സ്ബുക്കിൽ പങ്കുവച്ചു.
ജോർജുകുട്ടി ഒരിക്കൽ കൂടി എത്തുന്നുവെന്ന് ചിത്രങ്ങളോടൊപ്പം മോഹൻലാൽ കുറിച്ചു. എറണാകുളം പൂത്തോട്ട എസ് എൻ ലോ കോളേജിലാണ് സിനിമയുടെ പൂജ നടന്നത്. മറ്റ് രണ്ട് ഭാഗങ്ങളുടെയും മുകളിൽ നിൽക്കാൻ ചെയ്യുന്ന സിനിമയല്ല ഇതെന്ന് ജീത്തു ജോസഫ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. അമിത പ്രതീക്ഷയോടെ സിനിമ കാണാൻ വരാതിരിക്കുക. ജോർജുകുട്ടിയുടെ കുടുംബത്തിൽ ഇപ്പോൾ എന്താണ് സംഭവിക്കുന്നത് അവരുടെ കുടുംബത്തിൽ എന്താണ് സംഭവിച്ചത് എന്നൊക്കെയാണ് ചിത്രത്തിൽ പറയുന്നത്. നാലര വർഷങ്ങൾക്ക് ശേഷം ജോർജുകുട്ടിയുടെ വീട്ടിൽ എന്തൊക്കെ സംഭവിക്കുന്നുണ്ട് എന്നതാണ് സിനിമ മുന്നോട്ടുവയ്‌ക്കുന്നത്.
സിനിമ എപ്പോൾ തിയേറ്ററുകളിൽ എത്തുമെന്ന് അറിയില്ല. ചിത്രീകരണം കഴിയുന്നതുപോലെയാണ് റിലീസ് തീയതി പ്രഖ്യാപിക്കുന്നത്. ദൃശ്യം ഒരു ത്രില്ലർ സിനിമയാണെന്ന് കണക്കാക്കിയിട്ടില്ല. ഇതൊരു ഫാമിലി ഡ്രാമയായാണ് എത്തുന്നത്. ജോർജുകുട്ടിയുടെ കുടുംബത്തിന്റെ മാത്രം കഥയാണെന്നും ജീത്തു ജോസഫ് പറഞ്ഞു.















