എറണാകുളം: നടൻ ഉണ്ണി മുകുന്ദനെതിരെ മുൻ മാനേജർ വിപിൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സമൻസ് അയച്ച് കോടതി. കാക്കനാട് ഇൻഫോപാർക്ക് പൊലീസാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. കാക്കനാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് സമ്മൻസ് അയച്ചു. ഒക്ടോബർ 27-ന് കോടതിയിൽ ഹാജരാകാനാണ് നിർദേശം.
ചില മാദ്ധ്യമങ്ങളിലൂടെ തല്ലിയതിന് തെളിവുകളില്ലെന്നും cctv ദൃശ്യങ്ങളില്ല എന്നുള്ള തരത്തിൽ കള്ളപ്രചരണം നടന്നിരുന്നു. എന്നാൽ പരാതിക്ക് അടിസ്ഥാനമായി പൊലീസ് കേസ് അന്വേഷിക്കുകയും വ്യക്തമായ തെളിവുകൾ ലഭിക്കുകയും ചെയ്‌തിരുന്നു. 115(2), 126(2),296(B),115(2), 126(2), 296(B), 351(2), 324(4) എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
ഉപദ്രവിക്കാൻ എന്ന ഉദ്ദേശ്യത്തിൽ ഇരയുടെ ഫ്ലാറ്റ് സമുച്ചയത്തിൽ കടന്നതും, കരുതികൂട്ടി മർദ്ധിച്ചതും, ചീത്ത വിളിച്ചതും, ഭീഷണിപെടുത്തിയതും, കണ്ണട എറിഞ്ഞു നശിപ്പിച്ചതും അടക്കമുള്ള കുറ്റങ്ങൾക്കുള്ള പ്രേത്യകം വകുപ്പുകൾ ചേർത്താണ് കേസ് എടുത്തിരിക്കുന്നത്.10 മിനിറ്റുള്ള cctv ദൃശ്യങ്ങളുടെയും, ദൃക്സാക്ഷി മൊഴിയുടെയും, സാഹചര്യ തെളിവുകളുടെയും, മൊബൈൽ ടവർ ലൊക്കേഷന്റെയും ഉൾപ്പെടെയുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം തയാറാക്കിയത്.
വിപിൻ കൊടുത്ത പരാതിയെ പ്രതിരോധിക്കാൻ ഉണ്ണി മുകുന്ദൻ നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹം അവകാശപ്പെട്ടിരുന്നത് വിപിൻ കുമാറിനെ താൻ ഉപദ്രവിച്ചിട്ടില്ലെന്നും അങ്ങനെ തെളിഞ്ഞാൽ താൻ സിനിമ അഭിനയം നിർത്തുമെന്നുമാണ്. തുടർന്ന്, വിപിൻ തന്റെ മാനേജർ ആയിരുന്നില്ലെന്നും മറ്റുമുള്ള ആരോപണങ്ങളും ഉണ്ണി നടത്തിയിരുന്നു. ഈ വിഷയത്തിൽ FEFKA – AMMA ഇടപെടുകയും, ഇരുവരെയും വിളിപ്പിച്ച് സംയുക്ത ചർച്ച നടത്തുകയും ചെയ്‌തിരുന്നു. ചർച്ചയിൽ വിപിൻ സമർപ്പിച്ച വിവിധ തെളിവുകളുടെ അടിസ്ഥാനത്തിൽ ഉണ്ണി മുകുന്ദന്റെ പത്രസമ്മേളനവാദങ്ങൾ വാസ്തവവിരുദ്ധമെന്ന് ബോധ്യപ്പെടുകയും അതെല്ലാം FEFKA ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണനും അമ്മ ഭാരവാഹികളും ചേർന്ന് മാധ്യമങ്ങളോട് പത്രസമ്മേളനം നടത്തി വിശദീകരിക്കുകയും ചെയ്‌തിരുന്നു. തുടർന്ന് വിപിൻ പൊലീസിൽ ഉണ്ണിക്കെതിരെ നൽകിയ പരാതിയിൽ ഇടപെടില്ലെന്നും, കേസ് കേസിന്റെ വഴിക്ക് പോകട്ടെയെന്നും അഭിപ്രായപ്പെട്ടിരുന്നു.















