ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിലെ ബഗ്രാം വ്യോമതാവളം തിരിച്ചുപിടിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പരാമർശത്തിന് പിന്നാലെ മുന്നറിയിപ്പുമായി താലിബാൻ. ബഗ്രാം വ്യോമതാവളം തിരിച്ചുപിടിക്കാൻ ശ്രമിച്ചാൽ യുദ്ധം ചെയ്യുമെന്നും യുഎസിനെ പിന്തുണച്ചാൽ പാകിസ്ഥാനും വലിയ തിരിച്ചടി ഉണ്ടാകുമെന്നും താലിബാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വ്യോമതാവളം തിരിച്ചുപിടിക്കുന്നതിന് എന്തെങ്കിലും തരത്തിലുള്ള സൈനികനീക്കം യുഎസിന്റെ ഭാഗത്ത് നിന്നുണ്ടായാൽ പൂർണമായും യുദ്ധത്തിന് തയാറാകുമെന്ന് താലിബാൻ അറിയിച്ചിട്ടുണ്ട്. യുഎസിനെ പാകിസ്ഥാൻ പിന്തുണച്ചാലുണ്ടാകുന്ന ഭവിഷത്തിനെ കുറിച്ചും താലിബാൻ വ്യക്തമാക്കി.
വ്യോമതാവളം തിരിച്ചുപിടിക്കാനുള്ള ട്രംപിന്റെ നടപടിയിൽ നയതന്ത്രപരമായോ ലോജിസ്റ്റിക്പരമായോ സൈനികപരമായോ ഏതെങ്കിലും തരത്തിൽ പിന്തുണച്ചാൽ പിന്നീട് പാകിസ്ഥാൻ താലിബാന്റെ ശത്രുരാജ്യം ആയിരിക്കുമെന്നും മുന്നറിയിപ്പ് നൽകി.
ബഗ്രാം വ്യോമതാവളം പിടിച്ചെടുക്കുമെന്ന ട്രംപിന്റെ ഭീഷണിയിൽ താലിബാൻ ഉന്നത നേതാക്കൾ ചേർന്ന യോഗത്തിന് ശേഷമാണ് മുന്നറിയിപ്പ് നൽകിയത്. താലിബാന്റെ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്‌സാദ ഉന്നത കാബിനറ്റ് ഉദ്യോഗസ്ഥർ, ഇന്റലിജൻസ് മേധാവികൾ, സൈനിക കമാൻഡർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. യുഎസിന്റെ ഭാഗത്ത് നിന്ന് ആക്രമണമുണ്ടായാൽ നേരിടുന്നതിനുള്ള സൈനിക നടപടികളും യോഗത്തിൽ ചർച്ചയായതായാണ് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.















