മുംബൈ: നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഉദ്ഘാടനം ചെയ്യും. മുംബൈയിൽ യുകെ പ്രധാനമന്ത്രിയായി സർ കെയർ സ്റ്റാർമറുമായി പ്രധാനമന്ത്രി കൂടിക്കാഴ്‌ച്ച നടത്തും. മുബൈയിൽ നിരവധി കണക്റ്റിവിറ്റി പദ്ധതികൾക്കും പ്രധാനമന്ത്രി തുടക്കം കുറിക്കും. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് മോദി മഹാരാഷട്രയിൽ എത്തുന്നത്.
ഏകദേശം 19,650 കോടി രൂപയുടെ ചെലവിലാണ് വിമാനത്താവളത്തിന്റെ ഒന്നാം ഘട്ടം പൂർത്തിയാക്കിയത്. മുംബൈ മെട്രോപൊളിറ്റൻ മേഖലയിലെ രണ്ടാമത്തെ അന്താരാഷ്‌ട്ര വിമാനത്താവളം കൂടിയാണിത്. 1160 ഹെക്ടർ വിസ്തൃതിയിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പ്രതിവർഷം 90 ദശ ലക്ഷം യാത്രക്കാരെയും 3.25 ദശലക്ഷം മെട്രിക് ടൺ ചരക്കുകളെയും സുഗമമായി കൈകാര്യം ചെയ്യാനാകും. വാട്ടർ ടാക്സി വഴി ബന്ധിപ്പിക്കുന്ന രാജ്യത്തെ ആദ്യത്തെ വിമാനത്താവളം കൂടിയാണിത്. കൂടാതെ ആചാര്യ ആത്രേ ചൗക്ക് മുതൽ കഫെ പരേഡ് വരം നീളുന്ന മുംബൈ മെട്രോ ലൈൻ – 3 ന്റെ രണ്ടാം ഘട്ട ഉദ്ഘാടനവും പ്രധാനമന്തി നിർവ്വഹിക്കും.
ഒക്ടോബർ 9നാണ് മോദി- കെയർ സ്റ്റാമർ കൂടിക്കാഴ്‌ച്ച. ഇരു രാജ്യങ്ങളും തമ്മിൽ വ്യാപാര കരാറിൽ എത്തിയ ശേഷം ആദ്യമായാണ് യു കെ പ്രധാനമന്ത്രി ഇന്ത്യയിൽ എത്തുന്നത്. പ്രധാനമന്തിയായതിനുശേഷമുള്ള സ്റ്റാർമറുടെ ആദ്യ ഔദ്യോഗിക സന്ദർശനം കൂടിയാണിത്. മുംബൈയിലെ ജിയോ വേൾഡ് സെന്ററിൽ നടക്കുന്ന സി ഇ ഒ ഫോറത്തിൽ ഇരു പ്രധാനമന്ത്രിമാരും പങ്കെടുക്കും. 75 ലധികം രാജ്യങ്ങളിൽ നിന്നുള്ള ഒരു ലക്ഷത്തിലധികം ആളുകൾ ഫോറത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. അങ്ങനെയാണെങ്കിൽ ലോകത്തിലെ ഏറ്റവും വലിയ ഫിൻടെക് കൂട്ടായ്മകളിൽ ഒന്നായി ഇത് മാറും.















