കൊച്ചി: രാജ്യത്തെ മയക്കുമരുന്ന് വിരുദ്ധ പോരാട്ടത്തിൽ നിർണായക നേട്ടം. 1,000 കോടിയിലേറെ രൂപ വിലമതിക്കുന്ന 12 കോടി ട്രാമഡോൾ ഗുളികകൾ പിടിച്ചെടുത്തു. കേസിൽ മലയാളി സൂത്രധാരന്മാർ ഉൾപ്പെടെ മൂന്നുപേരെ സെൻട്രൽ ബ്യൂറോ ഓഫ് നർകോട്ടിക്സ് (സി.ബിഎൻ) അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം സ്വദേശി ഉമേഷ് കുമാർ, മലപ്പുറം സ്വദേശി ഫിർദോസ് എന്നിവരെ കൊച്ചി ഇടപ്പള്ളിയിൽ നിന്നാണ് സി.ബി.എൻ. കസ്റ്റഡിയിലെടുത്തത്. കേസുമായി ബന്ധപ്പെട്ട് ബെംഗളൂരു ആസ്ഥാനമായുള്ള ഒരു കമ്പനിയുടെ ഡയറക്ടറെ നേരത്തേ ബെംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.
കേന്ദ്ര ധനമന്ത്രാലയത്തിന്റെ റവന്യൂ വകുപ്പിന് കീഴിലുള്ള സെൻട്രൽ ബ്യൂറോ ഓഫ് നർകോട്ടിക്സ് നടത്തുന്ന ‘ഓപ്പറേഷൻ വജ്ര’ യുടെ ഭാഗമായാണ് വൻ ലഹരിവേട്ട നടന്നത്.
ഡൽഹിയിലെ ഒരു വെയർഹൗസിൽ നിന്നാണ് 30,000 കിലോഗ്രാം ട്രാമഡോൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കേണ്ട ശക്തമായ വേദനസംഹാരിയായ ട്രാമഡോൾ ദുരുപയോഗം ചെയ്യപ്പെടുകയും ചില സംഘർഷ മേഖലകളിൽ ലഹരി വസ്തുവായും ഉപയോഗിക്കപ്പെടുന്നതായും അന്വേഷണ ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു.
അന്വേഷണത്തിൽ, ആഫ്രിക്കൻ രാജ്യമായ ഗ്വിനിയ-ബിസാവുവിലേക്ക് കയറ്റുമതി ചെയ്യുന്നതായി വ്യാജ രേഖകൾ തയ്യാറാക്കി, ചരക്ക് ലിബിയയിലേക്ക് വഴിതിരിച്ചുവിടാനായിരുന്നു പ്രതികളുടെ പദ്ധതിയെന്ന് കണ്ടെത്തി. അന്താരാഷ്‌ട്ര നർകോട്ടിക്സ് കൺട്രോൾ ബോർഡിന്റെയും ഗ്വിനിയ-ബിസാവു അധികൃതരുടെയും സഹകരണത്തോടെ നടത്തിയ അന്വേഷണത്തിലാണ് ലക്ഷ്യസ്ഥാനം വ്യാജമാണെന്ന് സ്ഥിരീകരിച്ചത്.
തുടർന്നുള്ള അന്വേഷണത്തിലാണ് ഗൂഢാലോചനയ്‌ക്ക് പിന്നിൽ മലയാളികളുടെ പങ്ക് സംബന്ധിച്ച നിർണായക വിവരങ്ങൾ ലഭിച്ചത്. ജൂലൈ 10 മുതൽ 20 വരെ ഗ്വാളിയോറിലെ സി.ബി.എൻ. പ്രിവന്റീവ് വിഭാഗം, ഡൽഹി, ബെംഗളൂരു, കൊച്ചി എന്നിവിടങ്ങളിലെ ഡിആർഐ യൂണിറ്റുകളുടെ സഹകരണത്തോടെ നടത്തിയ ഏകോപിത പരിശോധനകളിലൂടെയാണ് പ്രതികളെ പിടികൂടിയത്.
അറസ്റ്റിലായ മൂന്നുപേർക്കെതിരെയും നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (NDPS) ആക്ട്, 1985 പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്തർദേശീയ ലഹരിക്കടത്ത് ശൃംഖലയിലെ കൂടുതൽ കണ്ണികളെ കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്ന് സി.ബി.എൻ. അറിയിച്ചു.















