ദിസ്പൂർ: അസമിൽ സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണം. പുലർച്ചെ 12.30 ഓടെയാണ് ആക്രമണമുണ്ടായത്. അസമിലെ കകോപത്തർ പ്രദേശത്ത് വച്ചായിരുന്നു സംഭവം. ആക്രമണത്തിൽ മൂന്ന് സൈനികർക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
സാധരണക്കാരുടെ വീടുകൾക്ക് നേരെയും ആക്രമണങ്ങൾ നടന്നതായാണ് വിവരം. കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രദേശത്ത് സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ട്. അര മണിക്കൂറോളം നീണ്ട വെടിവയ്പ്പാണ് നടന്നത്. സൈനിക ക്യാമ്പിന്റെ പരിസരപ്രദേശങ്ങളിൽ ഓപ്പറേഷൻ നടക്കുകയാണ്.
പൊലീസും സുരക്ഷാസേനയും സംയുക്തമായാണ് ഓപ്പറേഷൻ നടത്തുന്നത്. അസമിലെ അതിർത്തി പ്രദേശത്ത് നിന്ന് വെടിയുതിർത്ത ശേഷം ഭീകരർ അരുണാചൽ പ്രദേശിലേക്ക് കടന്നുകളഞ്ഞതായി ഉദ്യോഗസ്ഥർ പറഞ്ഞു. അതിർത്തി പ്രദേശങ്ങളിൽ സുരക്ഷാ സേന പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.















