ഇസ്ലാമാബാദ്: സ്ത്രീശാക്തീകരണത്തിന്റെ മറവിൽ സ്ത്രീകളെ ഭീകരസംഘടനകളിലേക്ക് റിക്രൂട്ട് ചെയ്ത് പാകിസ്ഥാൻ. പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലഷ്കർ ഇ ത്വയ്ബ ഭീകരസംഘടനകളുമായി ബന്ധമുള്ള സംഘടനകളിലേക്കാണ് സ്ത്രീകളെ റിക്രൂട്ട് ചെയ്യുന്നത്. ഇക്കാര്യം സ്ഥിരീകരിക്കുന്ന വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്. പാകിസ്ഥാനിലെ സിയാൽകോട്ടിലാണ് റിക്രൂട്ട്മെന്റ് നടക്കുന്നത്.
ഭീകരൻ ഹാഫിസ് അബ്ദുർ റൗഫിന്റെ നേതൃത്വത്തിലാണ് പരിശീലനം നൽകുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇത്തരം നീക്കങ്ങൾക്ക് പാക് സൈന്യത്തിന്റെയും പൊലീസിന്റെയും പിന്തുണയുണ്ടെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
സ്ത്രീശാക്തീകരണം എന്ന പേരിലാണ് പെൺകുട്ടികളെയും സ്ത്രീകളെയും വരുതിയിലാക്കുന്നത്. പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെയാണ് സാമൂഹിക, രാഷ്‌ട്രീയ, വിദ്യാഭ്യാസ മേഖലകളിലൂടെ സ്ത്രീകളെയും യുവാക്കളെയും റിക്രൂട്ട് ചെയ്യാനുള്ള നീക്കം.
യുവാക്കൾക്ക് പുറമേ സ്ത്രീകളെയും കുട്ടികളെയും കൂടി ഭീകരതയുടെ ഭാഗമാക്കാനുള്ള ശ്രമമാണ് പാകിസ്ഥാനിൽ നടക്കുന്നത്. ലഷ്കർ ഭീകരസംഘടനയുടെ പ്രധാന കമാൻഡറാണ് ഹാഫിസ് അബ്ദുർ റൗഫ്. ഇയാളുടെ മേൽനോട്ടത്തിൽ ഓൺലൈനായും സ്ത്രീകളെ പരിശീലിപ്പിക്കുന്നതായാണ് റിപ്പോർട്ട്.















