എറണാകുളം: ഫുട്ബോൾ ഇതിഹാസം ലയണൽ മെസി കേരളത്തിൽ എത്തില്ല. മത്സരം നടത്താൻ ഫിഫ അനുമതി നൽകിയില്ലെന്ന് സ്പോൺസർമാരിലൊരാളായ ആന്റോ അഗസ്റ്റിൻ അറിയിച്ചു. മെസിയും അർജന്റീന ടീമും നവംബറിൽ കേരളത്തിൽ എത്തുമെന്നും മത്സരം ഉണ്ടാകുമെന്നുമാണ് അറിയിച്ചിരുന്നത്.
മെസി കേരളത്തിലേക്ക് വരില്ലെന്നും വരുമെന്നുമുള്ള തരത്തിൽ ധാരാളം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. വരില്ലെന്ന ആരോപണങ്ങൾ ഉയർന്നെങ്കിലും ഇത് തള്ളുകയായിരുന്നു. എന്നാലിതാ മെസി വരില്ലെന്ന് സ്പോൺസറായി ആന്റോ അഗസ്റ്റിൻ തന്നെ സ്ഥിരീകരിക്കുകയാണ്.
ലോകകപ്പ് വിജയിച്ച അർജന്റീന ടീം കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ കളിക്കുമെന്നായിരുന്നു പ്രഖ്യാപനം. നവംബറിൽ ടീം അംഗോളയിൽ മാത്രമായിരിക്കും കളിക്കുകയെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കേരളസന്ദർശനം റദ്ദാക്കിയതായി സ്ഥിരീകരിച്ചത്.















